ന്യൂഡൽഹി: ഇസ്രായേലിൽ സുരക്ഷാ സേനയും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പോലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്ത് കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂത മതസ്ഥാപനങ്ങൾക്കും ഇസ്രായേൽ എംബസിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിൽ പാലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പാലസ്തീൻ അനുകൂലികളുടെ ആക്രമണം കണക്കിലെടുത്ത് യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങീ നിരവധി രാജ്യങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ജൂതരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായതും, പാലസ്തീൻ അനുകൂല പ്രകടനങ്ങളിൽ വലിയ തോതിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകിയത്.
ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമായാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. സ്വതന്ത്ര പാലസ്തീൻ എന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യത്വപരമായ നിയമങ്ങൾ പാലിക്കുക എന്ന ധാർമികബാധ്യത സംരക്ഷിക്കപ്പെടണമെന്നും, ഏത് രൂപത്തിലുള്ള ആഗോളഭീകരതയ്‌ക്കെതിരെയും പോരാടേണ്ട ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.















