രോഹ്തക്ക്: സനാതന ധർമ്മം ലോകത്ത് സമാധാനം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ക്ഷേമമാണ് സന്യാസിവര്യന്മാർ ലക്ഷ്യമിടുന്നത്. ‘ഏക ഭാരത് ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തെ സാക്ഷാത്കരിക്കാൻ അവർ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മഹന്ത് ശ്രീ ചന്ദ്‌നാഥ്ജി യോഗിയുടെ അഭിഷേകത്തോടനുബന്ധിച്ച് ഹരിയാനയിലെ ബാബ മസ്ത്‌നാഥ് മഠത്തിലെത്തിയ സന്യാസിശ്രേഷ്ഠന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങും കലഹങ്ങളും പ്രശ്‌നങ്ങളുമാണ്. ലോകസമാധാനത്തിന്റെ ആണിക്കല്ല് സനാതനധർമ്മത്തിലും ഇന്ത്യയിലുമായി ചുരുങ്ങിയിരിക്കുകയാണ്. ദുരിതം നേരിടുന്ന ഓരോ മനുഷ്യരും ഇന്ത്യയിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. ഇന്ത്യ അവരെ പിന്തുണയ്‌ക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. നമ്മുടെ സന്യാസിമാർ എല്ലാ വെല്ലുവിളികളും നേരിടാൻ തയ്യാറായി എത്തുന്നവരാണ്. പൊതുജനങ്ങൾക്കായുള്ള സേവനത്തിനിടെ പാതിവഴിയിൽ നിർത്തിപ്പോകാൻ അവർക്ക് സാധിക്കില്ല.
ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം പണിതുയർത്തിക്കൊണ്ടിരിക്കുകയാണ്. സനാതന ധർമ്മത്തിൽ വിശ്വസിക്കാത്തവർ രാമക്ഷേത്രത്തിന്റെ പേരു പറയുമ്പോൾ അവിടുന്ന് മാറിപ്പോകുമായിരുന്നു. എന്നാൽ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർ അവരുടെ പ്രവർത്തനങ്ങളിൽ അടിയുറച്ച് വിശ്വസിച്ചു. ഒരിക്കൽ അസാദ്ധ്യമെന്ന് കരുതിയ കാര്യമാണ്, ഈ പുതിയ ഇന്ത്യയിൽ സാധ്യമായിരിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ബാബാ രാംദേവ്, സ്വാമി ചിദാനന്ദ് മഹാരാജ്, ബാബ മസ്ത്‌നാഥ് മഠത്തിലെ മഹന്ത് ബാബ ബാലക്‌നാഥ്, കേന്ദ്ര സഹമന്ത്രി വി.കെ.സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. .















