ജയ്പൂർ: രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ഭിൽവാര ജില്ലയിലാണ് സംഭവം. ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് പൊട്ടി.
യാത്രക്കാർക്കോ മറ്റ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. റയാല സ്റ്റേഷനിലൂടെ കടന്നു പോകവെയായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. സി7 കോച്ചിലെ ജനലിന്റെ ചില്ലാണ് തകർന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
റയാല സ്‌റ്റേഷൻ മാസ്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.















