കോഴിക്കോട്: ബേപ്പൂരിലെ ഫിഷറീസ് ക്ഷേമ നിധി ബോർഡിൽ ഓഫീസർ ഇല്ലാത്തത് മൂലം ദുരിതത്തിൽപെട്ട് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ. ഏഴോളം ഗ്രാമങ്ങൾ ഉൾപ്പെടുന്ന ക്ഷേമനിധി ബോർഡിൽ സ്ഥിര ജീവനക്കാരുടെ അഭാവം മൂലം പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. സർക്കാർ അടിയന്തിരമായി നടപടികൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോവുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
ഏഴോളം ഗ്രാമങ്ങളിലായി 3000-ത്തിൽ പരം തൊഴിലാളികളാണ് ബേപ്പൂരിലെ ഫിഷറീസ് ഓഫീസിന് കീഴിലുള്ളത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഫിഷറീസ് ഓഫീസർ വന്നു പോകുന്നത്. മാസങ്ങളായി ഇത് തന്നെയാണ് അവസ്ഥ. ഇതുമൂലം നിരവധി പേർക്കാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലേക്ക് വന്ന് മടങ്ങി പോവേണ്ടി വരുന്നത്. ദൂര പ്രദേശങ്ങളിൽ നിന്നടക്കം അവധി എടുത്ത് വരുന്ന തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ കൃത്യ സമയത്ത് ലഭിക്കാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൂടാതെ ക്ഷേമനിധിയിൽ പണം അടയ്‌ക്കുന്നതിന് കാലതാമസം നേരിടുന്നതടക്കം നിരവധി ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ കേരള ക്ഷേമനിധി ചെയർമാനടക്കം നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇനിയും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോവാനാണ് തൊഴിലാളികളുടെ തീരുമാനം.















