ന്യൂഡൽഹി: ഭാരതവുമായുള്ള സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന ഒരേയൊരു രാജ്യം സ്വിറ്റ്‌സർലൻഡ് മാത്രമാണെന്ന് സ്വിറ്റ്‌സർലൻഡ് അംബാസഡർ റാൽഫ് ഹെക്‌നെർ. ഭാരതവുമായുള്ള സ്വിറ്റ്‌സർലൻഡിന്റെ സുഹൃത്ത്ബന്ധം 75 വർഷങ്ങൾ പിന്നീടുമ്പോൾ സമാധാനം, ഐക്യം, സഹകരണം എന്നിവയ്‌ക്കാണ് ഇരു രാജ്യങ്ങളും ഉൗന്നൽ നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
75 വർഷങ്ങൾക്ക് മുമ്പാണ് ഭാരതം സ്വിറ്റ്‌സർലൻഡുമായി നയതന്ത്ര ഉടമ്പടികളിൽ ഒപ്പുവെയ്‌ക്കുന്നത്. ”75 വർഷങ്ങൾ പിന്നീടുമ്പോൾ ഉടമ്പടിയിൽ വിഭാവനം ചെയ്യുന്ന സൗഹൃദത്തിനും സഹകരണത്തിനും മാറ്റങ്ങൾ ഇല്ലാതെ ഇപ്പോഴും മുന്നോട്ടു പോവുകയാണ്” ഭാരതവുമായുള്ള സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന വേളയിൽ റാൽഫ് ഹെക്‌നർ പറഞ്ഞു. ‘ വിടരുന്ന പൂക്കൾ ( ബ്ലൂമിംഗ് ഫ്‌ളവേള്‌സ്) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങൽ തമ്മിലുള്ള ദൃഢതയാർന്ന 75 വർഷത്തെ നീണ്ട സുഹൃത്ത്ബന്ധമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

” ഒരു യുദ്ധ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സമാധാനവും സൗഹൃദവും പങ്കുവെയ്‌ക്കുക എന്ന ആശയമാണ് ഇതിലൂടെ ഞങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്. കഴിഞ്ഞ 75 വർഷങ്ങളായി സ്വിറ്റ്‌സർലന്റും ഭാരതവും സമാധാനവും സൗഹൃദവും പങ്കുവെയ്‌ക്കുന്നു”. ജനാധിപത്യ മൂല്യങ്ങളാണ് ഇരുരാജ്യങ്ങളും ഉയർത്തി കാണിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















