കൊച്ചി: എൽഎൽബി പാസായ വിദ്യാർത്ഥിനിക്ക് സർവകലാശാല നൽകിയത് എൽഎൽഎം സർട്ടിഫിക്കറ്റ്. കൊച്ചി കുസാറ്റിൽ നിന്ന് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാസായ വിദ്യാർത്ഥിനിക്കാണ് ബിരുദ സർട്ടിഫിക്കറ്റിന് പകരം ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇക്കാര്യം വിദ്യാർത്ഥിനിയും സർവകലാശാലയും അറിഞ്ഞത് പത്ത് വർഷങ്ങൾക്ക് ശേഷമാണ്.
അടുത്തിടെ ഒരു ജോലിക്കായി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചപ്പോഴാണ് വിദ്യാർത്ഥിനി ഈ വിവരം അറിഞ്ഞത്. രേഖകൾ പരിശോധിച്ച നിയമന ഏജൻസിയാണ് സർട്ടിഫിക്കറ്റിലെ തെറ്റ് വിദ്യാർത്ഥിനിയെ അറിയിച്ചത്. ഈ തെറ്റ് തിരുത്താനായി സർവകലാശാലയെ സമീപിച്ചപ്പോഴാണ് അമളി പറ്റിയ കാര്യം അധികൃതരും അറിഞ്ഞത്.
2013 ലാണ് വിദ്യാർത്ഥിനി എൽഎൽബി പാസായത്. എന്നാൽ ഈ വിദ്യാർത്ഥിനിക്കൊപ്പമുള്ള മറ്റ് വിദ്യാർത്ഥികളുടെയൊന്നും സർട്ടിഫിക്കറ്റിൽ ഇത്തരത്തിലുള്ള പിഴവ് സംഭവിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. ഇത്തരത്തിൽ ഒരു പിഴവ് എങ്ങനെ സംഭവിച്ചെന്ന് അന്വേഷിക്കാൻ വൈസ്ചാൻസിലർ ഉത്തരവിട്ടു.