ആരാധകർ ഏറെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംവിധാനം നന്ദകിഷോറാണ്. മോഹൻലാലിന്റേതായി അണിയറയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ടെങ്കിലും ‘വൃഷഭ’ പാൻ ഇന്ത്യൻ ചിത്രമായതിനാൽ ആകാംക്ഷ ഇരട്ടിയാണ്. മോഹൻലാലിനൊപ്പം റോഷൻ മേക്ക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൈകാരികത കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും വൃഷഭ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
ചിത്രത്തെ കുറിച്ചും സംഘട്ടനത്തെ പറ്റിയും സംവിധായകൻ പറയുന്ന കാര്യങ്ങൾ മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്നവയാണ്. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് വൃഷഭയുടെ ഹൈലൈറ്റ്. ചിത്രത്തിനായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തുവെന്ന് നന്ദ കിഷോർ പറയുന്നു.

അതേസമയം തന്നെ വൃഷഭയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
ഇന്ന് മുംബൈയിൽ ആരംഭിച്ച രണ്ടാം ഷെഡ്യുൾ ഒക്ടോബർ – നവംബർ മാസങ്ങളിലായി പൂർത്തിയാക്കും. തുടർന്ന് ദസറ നാളിൽ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിടും. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തെലുങ്കിലുമാണ് നിർമ്മിക്കുന്നത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും. 2024-ൽ 4500ഓളം സ്ക്രീനുകളിൽ റിലീസിനെത്തും.















