വയനാട്: കമ്പമലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുമായി നേരിട്ടൊരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം എംഎൽഎ ഒ.ആർ. കേളു. കമ്മ്യൂണിസ്റ്റ് ഭീകരരുമായി അനുനയത്തിന് ശ്രമിക്കുമെന്നും ഒ.ആർ.കേളു പറഞ്ഞു. എന്നാൽ ആയുധധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ നിരന്തരം പാടികളിൽ എത്തുന്നതിൽ ആശങ്കയിലാണ് കമ്പമലയിലെ തോട്ടം തൊഴിലാളികൾ.
കഴിഞ്ഞമാസം 28 മുതൽ കമ്പമലയിലും സമീപപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ അക്രമം അഴിച്ച് വിടുകയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവവുമായി മാറിയിരിക്കുകയാണ്. നാല് തവണയാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ കമ്പമലയിൽ എത്തിയത്. പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ഇവർ വീണ്ടും പാടികളിൽ എത്തുന്നത്.
അതേസമയം കമ്പമലയിലെ പാടികളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഊർജ്ജിതമായ ശ്രമം നടത്തുമെന്ന് വയനാട് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. കമ്പമലയിലെ പാടികളുടെ പ്രശ്‌നം പരിഹരിക്കാനായി ഉന്നതതലയോഗം ചേർന്നതായും പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കുമെന്നും രേണു രാജ് കൂട്ടിച്ചേർത്തു.















