ന്യൂഡൽഹി: ചന്ദ്രയാൻ-3 മഹാക്വിസിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷൻ. ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാനാകും. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ചന്ദ്രയാൻ-3 മഹക്വിസിലൂടെ ലക്ഷ്യം വെക്കുന്നത് ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുമുള്ള അവബോധം പരിശോധിക്കുക എന്നതാണ്. രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് ബോധവത്കരാക്കുക എന്ന ലക്ഷ്യവുമുണ്ട്. ബഹിരാകാശ സംരംഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് വിദ്യാർത്ഥികൾക്ക് സഹായകമാകും.
ഐഎസ്ആർഒയുടെ സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ചന്ദ്രയാൻ-3, ബഹിരികാശ പര്യവേഷണവുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള ഉള്ളടക്കമാണ് ചോദ്യങ്ങളിൽ ഉണ്ടാകുക. ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ടാകും.
ക്വിസ് മത്സരത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് 1,00,000 രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 75,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്നവർക്ക് 50,000 രൂപയുമാണ് ലഭിക്കുക. മികച്ച പ്രകടനം കാഴ്ച വെക്കുന്ന നൂറ് പേർക്ക് 2,000 രൂപയും 200 പേർക്ക് 1,000 രൂപയും പ്രോത്സാഹന സമ്മാനം എന്ന നിലയിൽ ലഭിക്കും.