നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായിരിക്കുകയാണ് മൊബൈൽ ഫോണുകൾ. പരസ്പരം കാണാനോ സംസാരിക്കനോ താത്പര്യപ്പെടാതെ മൊബൈൽ ഫോണുകളിൽ അടിമപ്പെടുന്ന തലമുറയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം പല ആപത്തുകളാണ് വിളിച്ചു വരുത്തുന്നത്. അമിത ഫോൺ ഉപയോഗം ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് നമുക്ക് അറിയാം. എന്നാൽ ഉറക്കമൊഴിച്ചുള്ള മൊബൈൽഫോൺ ഉപയോഗം പൊണ്ണത്തടിയിലേക്ക് വഴിവെക്കുമോ? അറിയാം..
രാത്രികാലങ്ങളിലെ അമിതമായ ഫോൺ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കമില്ലാതെ ഫോണുകൾ ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ മാനസികാരോഗ്യം തകരാറിലാക്കുകയും ഇതു വഴി വേണ്ടത്ര ഉറക്കം ലഭിക്കാതെ വരികയും ചെയ്യുന്നു. രാത്രി ഉറക്കമില്ലാത്ത ആളുകൾ അധികവും രാവിലെ ഉറങ്ങാനായി സമയം കണ്ടെത്തുകയും പ്രഭാത ഭക്ഷണം പലപ്പോഴും കഴിക്കാൻ വിട്ടു പോവുകയും ചെയ്യുന്നു. ഇത് ആരോഗ്യം തകരാറിലാക്കാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകുന്നു.
മൊബൈൽ ഫോണിലെ മങ്ങിയ വെളിച്ചം കണ്ണുകൾക്ക് ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് അറിയാം. എന്നാൽ ഉറക്ക കുറവ് മൂലം സമ്മർദ്ദം വർദ്ധിക്കുകയും മാനസികരോഗ്യം തകരാറിലാകുകയും ചെയ്യുന്നു. വിശപ്പില്ലായ്മ, ക്ഷീണം, അമിതമായ കോപം തുടങ്ങിയവയിലേക്കും അമിതമായ മൊബൈൽ ഫോൺ ഉപയോഗം വഴിവെയ്‌ക്കുന്നെന്ന് പഠനങ്ങൾ പറയുന്നു.















