തിരുവനന്തപുരം: പൊന്മുടിയിലേയ്‌ക്ക് യാത്രക്കാർക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ഡിഎഫ്ഒ: കെ.ഐ പ്രദീപ് കുമാർ അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















