കോഴിക്കോട്: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന പി വി. ഗംഗാധരന് യാത്രാമൊഴി. വൈകീട്ട് 5 മണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെഎൻ. ബാലഗോപാൽ തുടങ്ങിയവർ ആഴ്ചവട്ടത്തെ വീട്ടിൽ അന്തിമോപചാരം അർപ്പിച്ചു. ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് അദ്ദേഹത്തിന്റെ ‘കേരള കല’ എന്ന വസതിയിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പി വി. ഗംഗാധരന്റെ അന്ത്യം. ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി മലയാള ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം. 80 വയസ്സായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല.
സുജാത, മനസാ വാചാ കർമ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാർത്ത, ഒരു വടക്കൻ വീരഗാഥ, എന്നും നന്മകൾ, അദ്വൈതം, ഏകലവ്യൻ, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവർ ഓണർ, നോട്ട്ബുക്ക് തുടങ്ങിയവയാണ് പി.വി ഗംഗാധരൻ നിർമ്മിച്ച പ്രധാന സിനിമകൾ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിലായിരുന്നു നിർമ്മാണം.















