സംവിധായകനായും നടനായും മലയാളികളെ ചിരിപ്പിച്ച വ്യക്തിയാണ് സംവിധായകൻ ജോണി ആന്റണി. അദ്ദേഹത്തെ ഓർക്കാൻ സി ഐ ഡി മൂസ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. പിന്നീട് സിനിമ സംവിധാനത്തിന് ഒരു ചെറിയ ബ്രേക്ക് കൊടുത്ത് അഭിനയ രംഗത്തേയ്‌ക്ക് കടന്ന ജോണി ആന്റണി നിരവധി ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മകളുടെ കോളേജ് ഡേയിൽ അതിഥിയായി എത്തി ഒരു കൂട്ടം പെൺകുട്ടികളുടെ കയ്യടി നേടിയിരിക്കുകയാണ് ജോണി ആന്റണി.
എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് ജോണി ആന്റണിയുടെ മകൾ പഠിക്കുന്നത്. കോളേജിന്റെ ആർട്‌സ് ക്ലബ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജോണി ആന്റണി. കോളേജിലെ പിടിഎ അംഗമായാണ് ജോണി ആന്റണി എത്തിയത്. ഹാസ്യം നിറച്ച ഭാഷയിലായിരുന്നു അദ്ദേഹം വേദിയിൽ കുട്ടികളോട് സംസാരിച്ചത്. ഒപ്പം കുട്ടികൾക്ക് ചെറിയ ചെറിയ ഉപദേശങ്ങളും അദ്ദേഹം നൽകി. വലിയ കയ്യടിയോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ കുട്ടികൾ ഏറ്റെടുത്തത്.
ജോണി ആന്റണിയോടൊപ്പം നടനും സംവിധായകൻ ബേസിൽ ജോസഫും സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും പരിപാടിയിൽ പങ്കെടുത്തു. ‘ഫാലിമി’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായാണ് ഇരുവരും എത്തിയത്.
‘ഞാനിവിടെ വന്നിരിക്കുന്നത് ഒരു സിനിമാ താരമായല്ല. എന്റെ മകളുടെ അപ്പൻ ആയിട്ടാണ് വന്നിരിക്കുന്നത്. ഞാൻ ഇവിടെ ഒരു പിടിഎ മെമ്പർ കൂടിയാണ്. ഇതിന്റെ പിന്നിലേക്കുള്ള എന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഞാൻ ഒന്ന് ഓർമിപ്പിക്കാം. 2003 ൽ സിഐഡി മൂസ ചെയ്ത വർഷം തന്നെയാണ് എന്റെ മൂത്ത മകൾ ജനിച്ചത്. അന്ന് ഞാൻ ഒരു സിനിമ സംവിധായകനാണ്. രണ്ടുമൂന്നു കൊല്ലം ഒക്കെ ആകുമ്പോൾ ഒരു പടം ചെയ്യാറുണ്ട്. പക്ഷേ 12 കൊല്ലം മക്കളെ കാശുമുടക്കി പഠിപ്പിക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അന്ന് ഞാൻ പ്രാർത്ഥിച്ചു.. ദൈവമേ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചിറക്കാൻ സാധിക്കണെ എന്ന്. മക്കളുടെ സ്‌കൂൾ കാലം മുതൽ അവർ പഠിക്കുന്ന സ്‌കൂളുകളിൽ ഇതുപോലെ അതിഥിയായി ഞാൻ പോകാറുണ്ട്.
കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം നിങ്ങൾ ചെയ്യണം. കല ആയിക്കോട്ടെ കായികമായിക്കോട്ടെ സേവനമായിക്കോട്ടെ, ഒരിക്കലും നിങ്ങൾ ഒന്നുമല്ലാതെ ആകരുത് എന്തെങ്കിലുമൊക്കെ ചെയ്യണം. അതുകൊണ്ട് കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. എന്റെ മകൾ സെന്റ് തെരേസാസിൽ ആണ് പഠിക്കുന്നത് എന്ന് അഭിമാനത്തോടെ ഞാൻ പറയുകയാണ്. ഒരു കാര്യം കൂടി ഞാൻ പറയുകയാണ് നിങ്ങളെല്ലാവരും ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കുടുംബമായി തിയറ്ററിൽ പോയി സിനിമ കാണണം. സിനിമ കാണുന്നത് വളരെ നല്ലതാണ്. എന്റെ കുട്ടികളോട് ഞാൻ ഇഷ്ടംപോലെ സിനിമ കാണാൻ പറഞ്ഞിട്ടുണ്ട്.’ ജോണി ആന്റണി പറഞ്ഞു.















