ന്യൂഡൽഹി: തീരദേശ സുരക്ഷാ അഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ഈസ്റ്റേൺ നേവൽ കമാൻഡിന്റെ നേതൃത്വത്തിലാണ് സാഗർ കവച് അഭ്യാസം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അഭ്യാസത്തിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ സമുദ്ര സുരക്ഷാ ഏജൻസികളും പങ്കെടുത്തു.
ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, മറൈൻ പോലീസ്, ഫിഷറീസ്, കസ്റ്റംസ്, രഹസ്യാന്വേഷണ ഏജൻസികൾ, ലൈറ്റ്ഹൗസ്, വനം വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നായി 2,500 ത്തോളം ഉദ്യോഗസ്ഥരാണ് സാഗർ കവച് അഭ്യാസത്തിൽ പങ്കെടുത്തത്. കടലിൽ നിന്നുണ്ടാകുന്ന അവ്യക്തമായ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ തീരദേശ സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമതയും കരുത്തും ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടുട്ടള്ളതാണ് സാഗർ കവച് അഭ്യാസം.
വിശാഖപട്ടണം, ചെന്നൈ, രാംനാഥപുരം എന്നിവിടങ്ങളിൽ നിന്നുമുള്ള ഡോർണിയർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ സമുദ്ര സുരക്ഷാ അഭ്യാസത്തിൽ ഏർപ്പെടുത്തിയിരുന്നു.















