ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ചന്ദ്രയാൻ-3യുടെ വിജയത്തിന്റെ സ്മരണാർത്ഥമാണ് ഓഗസ്റ്റ് 23 ദേശീയ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ചന്ദ്രന്റ് ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
2023 ഓഗസ്റ്റ് 23-ന് വിക്രം ലാൻഡറിന്റെ ലാൻഡിംഗും ചന്ദ്രോപരിതലത്തിലെ പ്രഗ്യാൻ റോവറിന്റെ വിന്യാസവും ബഹിരാകാശ ഗവേഷണ രാജ്യങ്ങളിലെ നാലാം രാജ്യമാക്കി ഇന്ത്യയെ മാറ്റി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമിറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ചരിത്രപരമായ ഈ ദൗത്യത്തിന്റെ ഫലം വരും വർഷങ്ങളിലും മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ബഹിരാകാശ ദൗത്യത്തിൽ രാജ്യത്തിന്റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. യുവതലമുറയെ പ്രചോദിപ്പിക്കുന്നതിന് ഇത് ഉപകാരപ്രദമാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രി സഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.