തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്‌ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിതിയാകും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരൺ അദാനി ഉൾപ്പെടെയുളളവർ പങ്കെടുക്കും.
തുറമുഖത്തിന് ആവശ്യമായ ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹുവ 15 കപ്പൽ ഇതിനോടകം പുറം കടലിൽ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നത്. ആദ്യം കപ്പലിനെ ഔദ്യോഗികമായി ബർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. അതിനുശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്. അടുത്തദിവസം ക്രെയിൻ കപ്പലിൽനിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്‌സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖനിർമാണത്തിന് ആവശ്യം.