കൊഹിമ: നാഗാലാൻഡിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർവഹിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ മെഡിക്കൽ കോളേജ് കൂടിയാണ് കൊഹിമയിലെ നാഗാലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച്. സംസ്ഥാനത്തെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചെന്നും അതുകൊണ്ട് തന്നെ ഇത് ചരിത്ര ദിനമാണെന്നും ഉദ്ഘാടന വേളയിൽ നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.
ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 64,000 ൽ നിന്ന് 1.6 ലക്ഷമായി ഉയർന്നപ്പോൾ ബിരുദാനന്തര ബിരുദ സീറ്റുകളുടേത് ഇരട്ടിയായെന്നും മാണ്ഡവ്യ പറഞ്ഞു. എൻഐഎംഎസ്ആർ വെറുമൊരു മെഡിക്കൽ കോളജ് മാത്രമല്ല, ഒരു ഗവേഷണ സ്ഥാപനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വികസനം മാത്രമല്ല നാഗാലാൻഡിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണത്തിന് പരിമിതികൾ കാണരുതെന്നും വിദേശത്തു നിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിരവധി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ ഭാഷാ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെന്നും അതിനാൽ വിദ്യാർത്ഥികൾക്ക് വിദേശത്ത് ജോലി നേടുന്നതിൽ മുൻതൂക്കം നേടാനാകുമെന്നും മാണ്ഡവ്യ പറഞ്ഞു.
മെഡിക്കൽ, നഴ്സിംഗ്, ഫാർമസി എന്നീ വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിലെ ഓരോ പൗരനും താങ്ങാനാകുന്ന ആരോഗ്യ സംരക്ഷണം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകൾ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം ‘ജൻ ഔഷധി കേന്ദ്രങ്ങൾ’ വിപുലീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
എൻഐഎംഎസ്ആർ നാഗാലാൻഡ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു. അടുത്ത അദ്ധ്യായന വർഷം മുതൽ 100 എംബിബിഎസ് വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള അനുമതി ഏപ്രിൽ മാസത്തിൽ തന്നെ ലഭിച്ചിരുന്നു. ഇതിൽ 85 സീറ്റുകൾ നാഗാലാന്റിൽ നിന്നുള്ള എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ളതാണ്. അഖിലേന്ത്യാ സീറ്റുകളിൽ നിന്ന് ആറ് പേർക്കും പ്രവേശനം നേടാം.