ഇന്ത്യയുടെ മിസൈൽമാൻ എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ ശാസ്ത്രീയ മികവും എളിമയേറിയ പെരുമാറ്റവുമാണ് കലാമിനെ വ്യത്യസ്തനാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്ര നിർമ്മാണത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ എന്നും ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ബഹിരകാശ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം ഭാരതത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇന്ത്യയുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഡിആർഡിഒ, ഐഎസ്ആർഒ എന്നിവിടങ്ങളിൽ പ്രവർത്തിക്കുകയും ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ യശസ് ഉയർത്താനും അദ്ദേഹത്തിനായി. ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എൽവി) വികസിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത് കലാമായിരുന്നു. തദ്ദേശീയ ലോഞ്ച് വെഹിക്കിൾ എന്നത് സ്വപ്‌നങ്ങളിൽ പോലുമില്ലാത്ത കാലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇത് യാഥാർത്ഥ്യമാക്കിയത്.
എസ്എൽവി പ്രോഗ്രാമിന് പിന്നാലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾകളും കലാമിന് കീഴിൽ വിജയകരമായി നടത്തി. അഗ്നി, പൃഥ്വി എന്നിവ അവയിൽ ചിലത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം പൊഖ്‌റാൻ-II ആണവ പരീക്ഷണത്തിന് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1992 ജൂലൈ മുതൽ 1999 ഡിസംബർ വരെയുള്ള കാലയളവിൽ കലാമിന്റെ മേൽനോട്ടത്തിൽ നടത്തിയ ആണവ പരീക്ഷണം ഇന്ത്യയെ ആണവായുധ രാജ്യമാക്കി മാറ്റി.
2015 ജൂലൈ 27-ന് ഷില്ലോംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണായിരുന്നു അബ്ദുൾ കലാമിന്റെ മരണം. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യം എന്നും ഓർമ്മിക്കുന്നു.