ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണത്തിന് പിന്നാലെ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ദൗത്യമാണ് ഗഗൻയാൻ ദൗത്യം.
ഒക്ടോബർ 21-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന പേടകത്തിന്റെ വിക്ഷേപണം നടക്കുക. ഇതിന് പിന്നാലെ D2, D3, D4 എന്നീ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി നടത്തി, സമഗ്രമായ പരിശോധനകൾക്ക് ശേഷമാകും മുനഷ്യനെ അയക്കുകയെന്നും സേമനാഥ് പറഞ്ഞു. ടിവി-ഡി1 ക്രൂ മൊഡ്യൂൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് തിരികെ ബംഗാൾ ഉൾക്കടലിൽ ഇറക്കി വീണ്ടെടുക്കുകയാണ് ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ലക്ഷ്യം.
മനുഷ്യസംഘത്തെ ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ച് അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന് ഉൾക്കടലിൽ ഇറക്കുന്നതാണ് ഗഗൻയാൻ പദ്ധതി. ഇതിന് മുന്നോടിയായി ക്രൂ മൊഡ്യൂളിനെ വിലയിരുത്തനായി അയക്കുന്ന പേടകമാണ് ടിവി-ഡി1. ഹൈ ഡൈനാമിക് പ്രഷർ ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്ന് വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഇത്തരത്തിൽ നാല് അബോർട്ട് മിഷനുകൾ നടത്തും.















