തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോഡും ഒഴികെയുള്ള എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെയും മഴ ശക്തിയാർജ്ജിക്കും. നാളെയും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റൊല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നെയ്യാർ, വാമനപുരം നദിയിൽ യെല്ലോ അലർട്ടും കരമന നദിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് വിവരം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തലസ്ഥാനത്താണ് മഴക്കെടുതി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ റവന്യു ഉദ്യോഗസ്ഥരും ഓഫീസിലെത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.