മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമാർന്ന ഒരു ചിത്രമായിരുന്നു ഐ.വി ശശി സംവിധാനം ചെയ്ത മൃഗയ. മലയാളത്തിന്റെ സുന്ദര പുരുഷൻ അടിമുടി മാറി മറ്റൊരു ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മലയാളികൾക്ക് ലഭിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത മമ്മൂട്ടി ഭാവത്തെയായിരുന്നു. മമ്മൂട്ടിക്കൊപ്പം തന്നെ സിനിമയിലെ മറ്റ് കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. തിലകൻ, ലാലു അലക്സ്, ഭീമൻ രഘു, കുതിരവട്ടം പപ്പു എന്നിവരെല്ലാം ചെയ്ത കഥാപാത്രങ്ങൾ ഗംഭീരമായിരുന്നു. ഇപ്പോഴിതാ, മൃഗയിലെ കഥാപാത്രത്തെപ്പറ്റി ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ ഭീമൻ രഘു.
‘മൃഗയയിൽ ഞാൻ വില്ലനായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് എന്നെ പട്ടി കടിക്കുന്ന ഭാഗമുണ്ടായിരുന്നു. അത് യഥാർത്ഥത്തിൽ സംവിധായകൻ എന്നോട് പറഞ്ഞിരുന്നില്ല. രണ്ട് ദിവസം ഈ രംഗത്തെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തി. പേ പിടിച്ച ഒരാളെ നേരിട്ട് പോയി ഞാൻ കണ്ടു. അയാളുടെ മാനറിസങ്ങൾ ഞാൻ പഠിച്ചെടുക്കുകയായിരുന്നു. തിയറ്ററിൽ എന്നെ കണ്ടപ്പോൾ ജനങ്ങൾ ഭയങ്കരമായിട്ട് കരഞ്ഞു’.
‘ആരും അറിയാതെ ഞാൻ തിയറ്ററിൽ കയറി സിനിമ കണ്ടു. അപ്പോൾ അവിടിരുന്ന പെണ്ണുങ്ങൾ ഏങ്ങലടിച്ച് കരയുന്ന കാഴ്ച ഞാൻ കാണുകയുണ്ടായി. ചാണ എന്ന് പറഞ്ഞ് ഞാൻ സംവിധാനം ചെയ്ത സിനിമയും അങ്ങനെ തന്നെയാണ്. അതിലെ അഭിനയത്തിന് എനിക്ക് അവാർഡ് വരെ കിട്ടി, മനസ്സിലായില്ലേ. അങ്ങനെ എനിക്ക് നല്ല പെർഫോർമൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്’- എന്നും ഭീമൻ രഘു പറഞ്ഞു.















