ഹനോയ്: നാല് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിയറ്റ്‌നാമിലെത്തി. വിയറ്റ്‌നാം വിദേശകാര്യമന്ത്രി ബുയി തൻ സോൺ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാളെ നടക്കുന്ന 18-ാമത് ഇന്ത്യ-വിയറ്റ്നാം ജോയിന്റ് കമ്മീഷൻ യോഗത്തിൽ ജയശങ്കർ സഹ-അദ്ധ്യക്ഷനാകും.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വിയറ്റ്നാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്. രണ്ട് രാജ്യങ്ങളിലുമായി ആറ് ദിവസത്തെ സന്ദർശനമാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പഴയ ബന്ധങ്ങൾ അടയാളപ്പെടുത്തുന്ന ഹനോയിയിലെ ചരിത്രപ്രസിദ്ധമായ ട്രാൻ ക്വോക്ക് പഗോഡ അദ്ദേഹം സന്ദർശിച്ചു.
വിയറ്റ്‌നാം സന്ദർശനവേളയിൽ ഹനോയി, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. വിയറ്റ്‌നാമീസ് നേതൃത്വവുമായി ജയശങ്കർ വിവിധ ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും. വിയറ്റ്നാം സന്ദർശനത്തിന് ശേഷം ഒക്ടോബർ 19-ന് ജയശങ്കർ സിംഗപ്പൂരിലേക്ക് പോകും.