തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കപ്പലുകൾ എത്തുന്നത് കേരളത്തിന് മാത്രമല്ല ഭാരതത്തിന് മുഴുവൻ അഭിമാനമാണ്. ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു.
ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, എൻഎച്ച് 67, ഇപ്പോൾ വിഴിഞ്ഞം തുറമുഖം. അങ്ങനെ സദ്ഭരണത്തിന്റെ അലയൊലികൾ നമ്മുടെ നാട്ടിലും അലയടിക്കുന്നു എന്നുള്ളതിൽ കേന്ദ്ര സർക്കാർ പ്രതിനിധി എന്നതിൽ ഏറെ സന്തോഷമുണ്ട്. യൂറോപ്പ്, ഗൾഫ്, കിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്‌ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമിപ്യമുള്ളതിനാൽ കേരളത്തിന് അവസരങ്ങളുടെ ഒരു കടൽ തുറക്കുക കൂടിയാണ് വിഴിഞ്ഞം തുറമുഖം. ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം രാജ്യമൊട്ടുക്കെ നടക്കുന്നത്.
വികസനമെന്നാൽ അടിസ്ഥാന സൗകര്യത്തിലൂന്നി തന്നെ പോകണം എന്ന് മനസ്സിലാക്കി തന്നെയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. പതിറ്റാണ്ടുകളായി മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതും പുതിയ പദ്ധതികൾ നടപ്പാക്കുന്നതും കേന്ദ്രസർക്കാരിന്റെ വികസന നയത്തിന്റെ ആണിക്കല്ലാണ്. റെയിൽവേ, ജലപാത, ഷിപ്പിംഗ്, ഹൈവേ, വ്യോമയാനം, എന്നിങ്ങനെ എല്ലാ മേഖലകളിലും അസാധാരണ വേഗമാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ നടക്കുന്നത്. തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവ് ചിത്തിരം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തുറമുഖത്തിന്റെ സാധ്യതകൾ ആദ്യം അന്വേഷിക്കുന്നത്. അതിന് വേണ്ടി സർവേയും നടന്നു. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മറ്റ് പല പദ്ധതികളും പോലെ ഇതും മുടങ്ങി കിടന്നു.
2015-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് വിഴിഞ്ഞത്തിന് പുതുജീവൻ വച്ചത്. കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമനിർമ്മാണങ്ങൾ തുറമുഖങ്ങളിൽ മാറ്റം കൊണ്ടുവന്നു. ഇന്ന് രാജ്യത്തെ മിക്ക തുറമുഖങ്ങളും ലാഭത്തിലാണ്. രാജ്യത്ത് ഇന്ന് 16 പ്രമുഖ തുറമുഖങ്ങളും 200 ചെറിയ തുറമുഖങ്ങളും ഉണ്ട്. വികസനം എന്നത് സർക്കാരിന്റെ മാത്രം പരിശ്രമം കൊണ്ട് നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ല. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇക്കാര്യത്തിൽ അനിവാര്യമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി ചേർത്തതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ- എന്നും വി.മുരളീധരൻ പറഞ്ഞു.