ടെൽഅവീവ: ഗാസ വിടുന്നതിൽ നിന്ന് ഹമാസ് ഭീകരർ പാലസ്തീനികളെ തടയുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഗാസ കടക്കുന്നവരുടെ സ്വകാര്യ വസ്തുക്കളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഹമാസ് ഭീകരർ തട്ടിയെടുക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഗാസയിൽ താമസിക്കുന്ന വിദേശികളെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് കടക്കാൻ ഈജിപ്ത്, ഇസ്രായേൽ, യുകെ എന്നീ രാജ്യങ്ങൾ സമ്മതിച്ചിരുന്നു. തുടർന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് വിദേശികൾ കടന്നുപോകുന്ന മേഖലകളിൽ നിന്ന് മാറി നിൽക്കാൻ ഇസ്രായേൽ സേന തീരുമാനിച്ചു.
വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് മാറാനാണ് ജനങ്ങൾക്ക് ഇസ്രായേൽ സൈന്യം അറിയിപ്പ് നൽകിയത്. സലാ ദിൻ മുതലുള്ള ഭാഗങ്ങളിൽ നാല് മണിക്കൂർ ആക്രമണങ്ങൾ നടത്തില്ലായെന്നും ഈ സമയത്തിനുള്ളിൽ ജനങ്ങൾ പ്രദേശം വിട്ട് പോകണമെന്നും ഇസ്രായേൽ സേന ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിപ്പ് നൽകിയത്.
ഗാസയിൽ ശക്തമായ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേൽ സൈന്യം ഹമാസ് ഭീകരർക്കെതിരെ തിരിച്ചടിയ്‌ക്കുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടം കരമാർഗത്തിലൂടെ ആക്രമണം നടത്താനാണ് സൈന്യം പദ്ധതിയിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് ഗാസ വിടാൻ ആവശ്യപ്പെട്ടത്. ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിൽ ഇതുവരെ 2,329 പേർ കൊല്ലപ്പെടുകയും 9,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.















