മധുര മീനാക്ഷി അമ്മൻ കോവിലിൽ ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ. ‘കരുടൻ’ എന്ന തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടെ സമയം കണ്ടെത്തിയാണ് താരം മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിന് മുന്നിൽ നിന്നുകൊണ്ടുള്ള ചിത്രവും ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നവരാത്രി പ്രമാണിച്ചാണ് താരത്തിന്റെ ക്ഷേത്ര ദർശനം.
”പ്രിയപ്പെട്ടവർക്ക് നവരാത്രി ആശംസകൾ. വൈകുന്നേരം മധുരൈ മീനാക്ഷി ക്ഷേത്രത്തിൽ സമയം ചെലവഴിച്ചു. ഞാൻ എന്റെ ഹൃദയം അവിടെ സമർപ്പിച്ച്, പ്രതീക്ഷകളും ടൺ കണക്കിന് പോസിറ്റീവ് നിറഞ്ഞ മനസ്സുമായി മടങ്ങി. നമ്മുടെ പൂർവ്വികർ സംരക്ഷിച്ച മഹത്തായ സംസ്കാരം കാണാനും അനുഭവിക്കാനും സാധിച്ചു”- എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വെട്രിമാരൻ കഥയും തിരക്കഥയും എഴുതി ദുരൈ സെന്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരുടൻ’. സൂരിയും ശശികുമാറും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം കുംഭകോണത്താണ് ആരംഭിച്ചത്.















