തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 875 പേരെയാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. ജില്ലയിലെ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു.
തിരുവനന്തപുരത്ത് 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരും വർക്കല താലൂക്കിൽ ഒരു ക്യാമ്പിൽ 46 പേരെയും മാറ്റി പാർപ്പിച്ചു. കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസ്, കരിക്കകം ഗവ. എച്ച്എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റി പാർപ്പിച്ചു.
പട്ടം വില്ലേജിൽ കേദാരം ലൈൻ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ 56 പേരും തേക്കുംമൂട് താത്ക്കാലിക ക്യാമ്പിൽ 260 പേരും, കുന്നുകുഴി ഗവൺമെന്റ് എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽപിഎസിൽ 10 പേരെയും പൗണ്ട്കടവ് മോസ്കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്കൂളിൽ 18 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവൺമെന്റ് എൽ.പി.എസിൽ ആറ് പേരെ മാറ്റി പാർപ്പിച്ചു. പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽപിഎസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേരെ മാറ്റി പാർപ്പിച്ചു.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ മുല്ലശേരി എൽപിഎസിൽ നാല് കുടുംബങ്ങളിലായി 15 പേരും കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്വി യുപിഎസിൽ ആറ് കുടുംബങ്ങളിലെ 28 പേരുമുണ്ട്. ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യു.പി.എസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 60 പുരുഷന്മാർ 98 സ്ത്രീകൾ, 42 കുട്ടികൾ ഉൾപ്പെടെ 200 പേരാണുള്ളത്. വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽപിഎസിൽ ഒമ്പത് കുടുംബങ്ങളിലായി 46 പേരെ മാറ്റി പാർപ്പിച്ചു.