ന്യൂഡൽഹി: ഭീകരവാദം മനുഷ്യരാശിക്കെതിരായ വെല്ലുവിളിയാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നിലപാട് എപ്പോഴും തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പി 20 ഉച്ചക്കോടിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ ഓം ബിർള.
‘ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സ്ഥിരമായ ഊർജം, പാരിസ്ഥിതിക പരിഗണന, കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. 2030-ന് മുമ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ രാജ്യം കൈവരിക്കുന്നതായിരിക്കും. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് വികസനം നടപ്പിലാക്കും. സുരക്ഷയിലും ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും രാജ്യത്ത് വികസനം നടപ്പാക്കുന്നത്’.
‘ഭാവിയിലെ നിയമനിർമ്മാണത്തിന് ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കും. അതിനായാണ് പാർലമെന്റ് പ്രവർത്തിക്കുന്നത്. ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഞങ്ങൾ ഒരുമിച്ച് കൊണ്ടുവന്നു. മൊത്തം 48 ചെയർപേഴ്സൺമാരും ഡെപ്യൂട്ടി ചെയർപേഴ്സൺമാരും പരിപാടിയിൽ പങ്കെടുത്തു. ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്കും സഹകരണത്തിനുമുള്ള ഒരു വേദിയായി പി20 ഉച്ചകോടി മാറിയെന്നും സ്പീക്കർ പറഞ്ഞു.