ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് ഇസ്രായേലി നടി റോണ ലീ ഷിമോൺ. ഇസ്രയേലിന് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നതായും നടി അറിയിച്ചു. ‘ഫൗദ’ എന്ന ജനപ്രിയ വെബ് സീരീസിൽ ‘നൂറിത്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് റോണ-ലീ ഷിമോൺ.
‘ഇന്ത്യയെപ്പോലെ ഒരു മഹത്തായ സഖ്യകക്ഷിയെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കുന്നതാണ് ഇന്ത്യയ്‌ക്ക് ഞങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി അറിയിക്കുന്നുവെന്ന് റോണ ലീ ഷിമോൺ പറഞ്ഞു. ഭൂമിയിലെ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. ഞാൻ അവിടുത്തെ ജനങ്ങളെ സ്‌നേഹിക്കുന്നു. അഞ്ച് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം ‘ലോക ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കൂട്ടക്കൊലകളിലൊന്നായി ഒക്ടോബർ 7 ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കും. നിശബ്ദത പാലിക്കാത്തതിന് നന്ദി,-എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ നടി പറഞ്ഞത്. തന്റെ രാജ്യത്തിന് പിന്തുണ നൽകിയ ലോകമെമ്പാടുമുള്ള എല്ലാവർക്കും നന്ദിയും അവർ വീഡിയോയിലൂടെ അറിയിച്ചു.
നേരത്തെ, ‘ഫൗദ’യിലെ ‘സാഗി സൂർ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഇസ്രായേലി നടൻ ഇഡാൻ അമേദി ഇസ്രായേൽ പ്രതിരോധ സേനയിൽ ചേർന്നിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. കൂടാതെ ‘ഫൗദ’ നിർമ്മാതാവും നടനുമായ ലിയോർ റാസും ഇസ്രായേലിലെ ‘ബ്രദേഴ്സ് ഇൻ ആംസ്’ എന്ന സന്നദ്ധ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.















