ജാനകീനാഥ് ഭവൻ - നേതാജി പിറന്ന വീട്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ജാനകീനാഥ് ഭവൻ – നേതാജി പിറന്ന വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

ഒറീസ്സയിലൂടെയുള്ള യാത്രയിൽ സന്ദർശിക്കണമെന്ന് മുൻകൂട്ടി ഉറപ്പിച്ചൊരിടമാണ് നേതാജിയുടെ ജന്മ ഗേഹമായ ‘ ജാനകീനാഥ് ഭവൻ ‘. ഭുവനേശ്വറിൽ നിന്ന് ഒറീസ്സ സംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരമായ കട്ടക്കിലേക്കു അര മണിക്കൂർ ട്രെയിൻ യാത്രയേ ഉണ്ടായിരുന്നുള്ളൂ. കട്ടക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ മാറി ഒഡിയ ബസാറിന് അടുത്താണ് ജാനകീ നാഥ് ഭവൻ. അവിടേക്കു പോകാൻ തരപ്പെട്ട ഷെയർ റിക്ഷയിൽ അരികു ചേർന്ന് ഇരിപ്പിടമുറപ്പിക്കാൻ സാധിച്ചതിൽ ഞാനല്പം സന്തോഷിച്ചു. കുലുങ്ങി ചലിക്കുന്ന വണ്ടിക്കകത്തു കമ്പിതഗാത്രനായിരുന്നു പുറത്തേക്കു കണ്ണ് പായിച്ചുകൊണ്ട് കട്ടക് നഗരത്തിന്റെ സൗന്ദര്യം തെല്ലു കണ്ടു ആസ്വദിച്ചു. കോട്ടയെന്നു അർത്ഥമുള്ള കടക എന്ന പദത്തിൽ നിന്നാണ് ദേശനാമമായ കട്ടക്കിന്റെ ഉല്പത്തി. കലിംഗ സാമ്രാജ്യത്തിന്റെ തുടർച്ചയായി അഞ്ചാം നൂറ്റാണ്ടിൽ രൂപം കൊണ്ട കിഴക്കൻ ഗംഗാ സാമ്രാജ്യത്തിന്റെ രാജധാനിയായി ശോഭിച്ചിരുന്ന ഈ നഗരം 1947 വരെയും ഉത്ക്കല ദേശത്തിന്റെ തലസ്ഥാന പദവി നിലനിർത്തി പോന്നു. നഗരത്തിന്റെ സംരക്ഷണ ഭിത്തിയായി പത്താം നൂറ്റാണ്ടിൽ നിർമ്മിതമായ ബരാബതി കോട്ടയുടെ അല്പമാത്ര ശേഷിപ്പുകളിൽ ഗംഗാ സാമ്രാജ്യത്തിലെ ഗജപതികളുടെ സുവർണ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ ഉണ്ട്. മുഗൾ രാജ വംശവും, മറാഠ രാജ വംശവും ബ്രിട്ടീഷ് ഭരണകൂടവും കോട്ട കടന്നു ഈ ഭൂവിലധികാരം സ്ഥാപിച്ചെടുത്ത സാക്ഷ്യപത്രങ്ങൾ ലാൽ ബാഗ് പാലസിലും മറാത്താ ബറാക്കിലുമുണ്ട്. യോദ്ധാക്കൾ ആയുധം വച്ചു പൂജിച്ചു പടയ്‌ക്കിറങ്ങിയ കാലത്തെ കഥകൾ കുറിക്കുന്ന വീരാപദാനങ്ങൾ കട്ടക് ചണ്ഡി ദേവിയുടെ തിരുനടയെ ചുറ്റിപ്പറ്റിയുണ്ട്. ഇതിലെല്ലാമുപരി സർഗ്ഗ സമ്പന്നരായ കഥാകാരന്മാരുടെ ഭാവനകൾക്കുകൂടി ഇതുവരെ സൃഷ്ടിക്കാൻ കഴിയാഞ്ഞ ഒരു വീരേതിഹാസത്തിന്റെ പിറവികൊണ്ട് പവിത്രമായിരിക്കുന്ന ആ ഭവനവും ഉണ്ട് .


ഒഡിയ ബസാറിനടുത്തു ജാനകീ നാഥ് ഭവനിലേക്കുള്ള വീതി കുറഞ്ഞ പാതയുടെ ആരംഭസ്ഥാനത്തെ കമാനത്തിന് അരുകിൽ ഞാൻ ഇറങ്ങി. I N A ഭടന്മാരേയും കൂട്ടി നേതാജി നടത്തിയിട്ടുള്ള സായുധ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന ശില്പങ്ങൾ ആ കവാടത്തിനു മുകളിൽ ഭംഗിയായി രൂപകല്പന ചെയ്തിരിക്കുന്നു. ആ പാതയുടെ ഒരു വശത്തു കെട്ടിയുയർത്തിയിട്ടുള്ള മതിലിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഭേദപ്പെട്ട വർണ ചിത്രങ്ങളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജാനകീനാഥ് ഭവൻ എന്ന സുഭാഷ് ചന്ദ്ര ബോസ് ബർത്ത് പ്ലേസ് മ്യൂസിയത്തിന്റെ മുഖ്യ കവാടത്തിനു അരികിലെത്തി. പന്ത്രണ്ടു മുറികളുള്ള ഇരുനില മാളികയും അതിനു മുന്നിലുള്ള വലിയ ഉദ്യാനവും സംരക്ഷണ മതിൽ കെട്ടി വേർതിരിച്ചിരിക്കുന്നു. ഇതിനകത്തുള്ള പ്രവേശനത്തിന് ചെറിയ തുക ടിക്കറ്റ്‌ ഇനത്തിൽ ചിലവാക്കേണ്ടതുണ്ട്. തിങ്കളാഴ്ചയും പൊതു അവധികളുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലു മണി വരെ ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നു.
1885 ൽ നേതാജിയുടെ പിതാവ് ജാനകീ നാഥ് ബോസ് കട്ടക് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുന്ന കാലത്താണ് ബോസ് കുടുംബം ഇവിടെ സ്ഥിരതാമസം ആക്കുന്നത്. പ്രവേശന കവാടം കടന്നു ചെന്നാൽ ഒരു കോണിലായി നേതാജി കുട്ടിക്കാലത്തു ഉപയോഗിച്ചിരുന്ന, അന്നത്തെ മികച്ച രീതിയിലുള്ള കുതിര ശകടം കാണാം. കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തി പരിപാലിച്ചു പോരുന്ന ഉദ്യാനത്തിനു മുന്നിൽ സുഭാഷ് ചന്ദ്ര ബോസിന്റെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. ഉദ്യാനം ചുറ്റി നടന്നു കാണുന്നതിനിടയിൽ സംരക്ഷണ ഭിത്തികളിലും ബോസിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെ മികച്ച ചുവർ ശില്പങ്ങളിലൂടെ അനാവരണം ചെയ്തിരിക്കുന്നതായി കണ്ടു. മാളികയ്‌ക്ക് മുന്നിൽ 1887 ൽ ജാനകിനാഥ് ബോസ് പണികഴിപ്പിച്ച ഒരു ചെറിയ ദുർഗ്ഗാലയമുണ്ട്. വാസുദേവ് എന്ന വൈഷ്ണവ നാമവുമായി ബന്ധപ്പെടുത്തി ഒരു വിഭാഗം വംഗ ദേശികരായ കായസ്ഥർ ഉപയോഗിച്ച് വന്നിരുന്ന പാരമ്പര്യ നാമമാണ് ബസു. ബസു കാലക്രമേണ ബോസ് ആയി . ഈ സമൂഹം പൊതുവേ വൈഷ്ണവ മതാവലംബികളാണെങ്കിലും ജാനകിനാഥ് ബോസ് തികഞ്ഞ ദേവിയുപാസകനായിരുന്നു. അതിന്റെ അടയാളമാണ് ചത്വരത്തിലെ ഈ ക്ഷേത്രം.


ജാനകീ നാഥ് ഭവൻ ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യുമ്പോൾ ഇതിലെ പന്ത്രണ്ടു മുറികളും പന്ത്രണ്ടു ഗ്യാലറികളായി ക്രമീകരിച്ചു. പുനർ പരിഷ്ക്കാരത്തിൽ മൂന്നു ഗ്യാലറികൾ കൂടി ക്രമപ്പെടുത്തി. ആദ്യത്തേത് ജാനകീനാഥ് തന്റെ അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ടു ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയാണ്. അദ്ദേഹം അന്ന് ഉപയോഗിച്ചിരുന്ന മേശ കസേര മുതലായ സാമഗ്രികൾ ആ മുറിയിൽ ഇന്നും സംരക്ഷിക്കപ്പെടുന്നു. ഈ മുറിയോട് ചേർന്നുള്ള താഴത്തെ നിലയിലുള്ള മറ്റു മുറികളൊക്കെയും സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെ കുറിച്ച് പറയുകയാണ് അടുത്ത ഗ്യാലറിയിലെ ഫോട്ടോകളും മറ്റും. 1897 ജനുവരി 23 നാണു ജാനകീ നാഥ് ബോസ് പ്രഭാവതി ദത്ത ദമ്പതികളുടെ ഒൻപതാമത്തെ കുട്ടിയായി, ആൺമക്കളിൽ ആറാമനായി നേതാജി സുഭാഷ് ജനിക്കുന്നത്. നേതാജി ഉൾപ്പെടെ പതിനാലു മക്കളായിരുന്നു ഈ ദമ്പതികൾക്ക്. കട്ടക്കിലെ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ ബാല്യകാലത്തെ ചിത്രത്തിലും കണ്ണട ധരിച്ചിട്ടുള്ളതായി കാണുന്നു. യൂറോപ്യൻ മാതൃകയിലുള്ള വിദ്യാഭ്യാസ രീതിയാണ് കട്ടക്കിലെ സ്കൂളിൽ പിന്തുടർന്നതെങ്കിലും വേഷഭൂഷകളിലെ വൈദേശിക സംസ്കാരത്തിന്റെ കടന്നു കയറ്റത്തെ അദ്ദേഹം ബാല്യത്തിൽ തന്നെ നിരാകരിച്ചു. ബോസിന്റെ മറ്റു സഹോദരങ്ങളുടേതടക്കം അപൂർവ്വ ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊൽക്കട്ടയിലെ പ്രസിഡൻസി കോളേജിലേക്ക് തുടർ പഠനത്തിന് പോകുന്നതുവരെ ബോസിന്റെ ജീവിതം ഈ മാളികയെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.


നേതാജിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങളെ അനാവരണം ചെയ്യുകയാണ് അടുത്ത ഗ്യാലറി. സിവിൽ സർവീസുകാരൻ എന്ന യോഗ്യതയുപേക്ഷിച്ചു ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് പ്രചോദനമായതു കുട്ടികാലത്തു തന്നെ മനസ്സിലുറച്ച വിവേകാനന്ദ വീര വാണികളായിരുന്നു. ഗാന്ധിയൻ സമരമുറകളോട് വിയോചിച്ചിരുന്ന ബോസ് കൊൽക്കട്ടയിലെത്തി ദേശബന്ധു ചിത്തരഞ്ജൻ ദാസിനെ തന്റെ രാഷ്‌ട്രീയ ഗുരുവായി സ്വീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. ” ചിത്തരഞ്ജന്റെ ഭാഗ്യം നോക്കണേ… അരിവെപ്പുകാരനായി കിട്ടിയത് ഒരു ഒരു സിവിൽ സർവീസുകാരനെ.. ” എന്നിങ്ങനെയാണ് ദേശബന്ധുവിന്റെ സുഹൃത്തുക്കൾ തെല്ലു നർമ്മത്തോടെ അവരുടെ ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നത്. ബോസിന് ചിത്തരഞ്ജനോടുള്ള ബഹുമാനം അത്രമേലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നതുമുതലുള്ള പല രാഷ്‌ട്രീയ സംഭവങ്ങളുടെയും അപൂർവ്വ ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഗാന്ധിയനായിരുന്ന പട്ടാഭി സീതാരാമയ്യയെ പിന്തള്ളി ബോസ് ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോൾ തന്നെ മഹാത്മാ ഗാന്ധി പട്ടാഭിയുടെ പരാജയം സ്വന്തം പരാജയമായി ഏറ്റെടുത്തു കോൺഗ്രസിലെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി. സർദാർ പട്ടേൽ ഗാന്ധിയെ അനുനയിപ്പിച്ചുകൊണ്ട് ഗാന്ധിക്കു സർവ്വ സമ്മതനായ ഒരു വ്യക്തിക്ക് മാത്രമേ പ്രസിഡന്റ്‌ പദവി നൽകാനാകൂ എന്നൊരു പ്രമേയം പാസ്സാക്കി. ത്രിപുരി സമ്മേളനത്തിൽ നടന്ന അസ്വാരസ്യങ്ങൾ ഡമ്മി പ്രസിഡന്റ്‌ പദവി ഒഴിഞ്ഞു കോൺഗ്രസ്സ് വിട്ടു പുതിയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് ബോസിനെ പ്രേരിതനാക്കി. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങളും അതിലെ പതാകയും മറ്റും ഗ്യാലറിയിൽ കാണാം.


ഒരു മുറി സുഭാഷ് ചന്ദ്ര ബോസിന്റെ ജയിൽ ജീവിതത്തെ അനുസ്മരിപ്പിക്കും വിധം ജയിൽ മാതൃകയിൽ അന്തർഭാഗം പുനർനിർമ്മിച്ചിരിക്കുന്നു. പതിനൊന്നു തവണയാണ് ബോസ് ജയിൽ വാസം അനുഭവിച്ചത്. അലിപൂരിലെയും, ബർമ്മയിലെയും മറ്റും ജയിൽ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആക്കാലയളവിൽ നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഇവിടെയുണ്ട്. ബോസിന്റെ കൈപ്പടയിലുള്ള കത്തുകൾ പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട്.
I N A രൂപീകരണവും അതിന്റെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളെ കുറിച്ചാണ് ഒരു ഗ്യാലറി പറയുന്നത്. അവിടെ ചിത്രങ്ങൾക്ക് പുറമേ I N A യുണിഫോമുകളും, യുണിഫോമിലുള്ള വിവിധ മുദ്രകളും, സേനയുപയോഗിച്ചിരുന്ന ആയുധങ്ങളും കാണാനുണ്ട്. ഹാർഡിങ് പ്രഭുവിനെതിരെ നടത്തിയ വധശ്രമം പരാജയപ്പെട്ടത്തോടെ ജപ്പാനിലേക്ക് കടന്ന റാഷ് ബിഹാരി ബോസ് ജാപ്പനീസ് വനിതയെ വിവാഹം ചെയ്ത് പിൽക്കാല ജീവിതം അവിടെയാക്കിയെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതനായി തന്നെയിരുന്നു. അതിന്റെ ഫലമായാണ് ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആർമി 1942 ൽ രൂപീകരിക്കപ്പെടുന്നത്. സിങ്കപ്പൂരിലെയും മലയായിലെയും യുദ്ധതടവുകാരായ ഭാരതീയരായിരുന്നു റാഷ് ബിഹാരി ബോസിനൊപ്പം അണിനിരന്നത്. ആദ്യകാലത്തെ അസ്വാരസ്യങ്ങളാൽ പിരിച്ചു വിടപ്പെട്ടെങ്കിലും തൊട്ടടുത്തു തന്നെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ I N A പുനർസംഘടിച്ചു. ജാപ്പനീസ് പിന്തുണയോടെ 1943 ൽ രൂപപ്പെട്ട സ്വതന്ത്ര ഇന്ത്യയുടെ ഒരു താത്ക്കാലിക ഗവണ്മെന്റ് ആയിരുന്നു ‘ ആസാദ് ഹിന്ദ് ‘. ജപ്പാന് നാമമാത്രമായ അധികാരങ്ങൾ ഈ ഗവണ്മെന്റിൽ ഉണ്ടായിരുന്നു. I N A മാർച്ചും അതിലെ ഭടന്മാരുടെ ചിത്രങ്ങളും ഗ്യാലറിയിൽ ഉണ്ട്. അതിലെ jhansi rani റെജിമെന്റിന്റെ മേധാവിയും വനിതാ വിഭാഗം മന്ത്രിയുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ ചിത്രങ്ങൾ അവിടെ കണ്ടു. സിങ്കപ്പൂരിൽ ഗൈനക്കോളജിസ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ക്യാപ്റ്റൻ ലക്ഷ്മി I N A യിൽ അകൃഷ്ടയാകുന്നത്. A യെല്ലപ്പാ, ലെഫ്റ്റനന്റ് കേണൽ അസീസ് അഹമ്മദ്‌, M Z കിയാനി, ദിലീപ് സിംഗ് സിവച്ചെ തുടങ്ങിയവർ ആസാദ് ഹിന്ദിന്റെ ഭാഗമായി പ്രവർത്തിച്ചവരാണ്. അവിടെ നിൽക്കുമ്പോൾ വക്കം ഖാദറിനെയും കുഞ്ഞനന്ദൻ നായരേയും കുറിച്ച് ഞാൻ ഓർത്തു . എന്നാൽ അവിടെ കണ്ട ചിത്രങ്ങളുടെ ഇടയിൽ ഇവരുടെ ചിത്രങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഈ രണ്ടു മലയാളികളെയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.


അടുത്ത ഗ്യാലറിയിൽ ആസാദ് ഹിന്ദ് റേഡിയോയെ കുറിച്ച് കാണാം. 1942 ൽ ബോസ് ജർമ്മനിയിൽ രൂപീകരിച്ച റേഡിയോ സേവനമായിരുന്നു അതു. ആസ്ഥാനം പിന്നീട് സിങ്കപ്പൂരിലേക്ക് മാറ്റി. ഇന്ത്യക്കാരുടെ പോരാട്ട വീര്യത്തിനു ആവേശം പകർന്നുകൊണ്ടുള്ള ബോസിന്റെ ശബ്ദം ആ റേഡിയോ സംവിധാനത്തിലൂടെ ഭാരതത്തിൽ ഉയർന്നു കേട്ടു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിൽ പ്രതിവാര വാർത്താ വിക്ഷേപണം നടത്തിയിരുന്നു.
ആസാദ് ഹിന്ദ് ഗവണ്മെന്റ് പുറത്തിറക്കിയ സ്റ്റാമ്പുകൾ, അവരുടെ അധികാര ചിഹ്നങ്ങൾ, ആസാദ് ഹിന്ദ് ബാങ്കിനെ കുറിച്ചുള്ള വിവരങ്ങൾ, നോട്ടുകൾ എന്നിവ അടുത്തടുത്ത മുറികളിൽ കാണാം.
നേതാജി പിറന്ന മുറിയാണ് പ്രധാനപ്പെട്ട ഒരു ഗ്യാലറി. ഇവിടെ അമ്മ പ്രഭാവതി ഉപയോഗിച്ചിരുന്ന കട്ടിലും സുഭാഷ് ചന്ദ്രബോസിന്റെ ജനന തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുള്ള ജാനകീനാഥ് ബോസിന്റെ ഡയറിയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. 1897 ജനുവരി 23 ഉച്ചയ്‌ക്ക് 12 മണി കഴിഞ്ഞപ്പോഴായിരുന്നു ആ യുഗപ്രഭാവന്റെ ജനനം എന്നു ഡയറിയിലെ എഴുത്തുകളിൽ നിന്നറിയുന്നു.
മുകളിലുള്ള ഒരു ഗ്യാലറി ബോസിന്റെ ആത്മീയ ജീവിതത്തെ കുറിച്ച് പറയുന്നു. മുറിക്കുള്ളിലെ വെള്ള വിരിച്ച ശയ്യയിൽ ബോസ് വായിച്ചിരുന്ന ഭഗവദ് ഗീത ഗ്രന്ഥവും രുദ്രാക്ഷ മണി മാല്യവും വച്ചിരിക്കുന്നു. നേതാജി സദാ തന്റെ കയ്യിൽ ഒരു ഭഗവദ് ഗീതാ ഗ്രന്ഥവും ഒരു രുദ്രാക്ഷ മാലയും, മഹാകാളീ രൂപവും സൂക്ഷിച്ചിരുന്നു. അദ്ദേഹം എപ്പോഴും കൊണ്ടുനടന്നിരുന്ന ഗ്രന്ഥമാണോ ഇതെന്ന് തീർച്ചയില്ല. ഒരു പക്ഷേ കട്ടക്കിൽ കഴിഞ്ഞ കാലത്തു പാരായണം ചെയ്തിരുന്ന ഗ്രന്ഥമാകാം. ചുമരിൽ, അദ്ദേഹത്തിന്റെ മുഖ്യ പ്രചോദനമായിരുന്ന സ്വാമി വിവേകാനന്ദന്റെയും ശ്രീ രാമകൃഷ്ണ പരമഹംസരുടെയും വലിയ ചിത്രങ്ങൾ കാണാം. ഈ ചിത്രങ്ങളോടൊപ്പം അത്ര തന്നെ വലിപ്പമില്ലാത്ത,അരവിന്ദ ഘോഷിന്റെ ചിത്രവുമുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ ചെറു പ്രായം മുതൽ തന്നെ വിവേകാനന്ദ സ്വാമി അദ്ദേഹത്തിൽ ഒരു കാന്തിക മണ്ഡലം തീർത്തിരുന്നു എന്നു ബോസിന്റെ ആത്മകഥയിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.
ബോസിന്റെ വൈവാഹിക ജീവിതത്തെകുറിച്ചുള്ള വിവരങ്ങളാണ് അവസാന ഗ്യാലറിയിൽ ഉള്ളത്. ജർമൻ വനിതയായിരുന്ന എമിലി ഷെങ്കളുമായി ബെർലിനിലെ എംബസിയിൽ വച്ചാണ് അദ്ദേഹം അടുക്കുന്നത്. വിവാഹം യാതൊരു ചടങ്ങുകളുമില്ലാതെ നടന്നു, ഒരു ഗാന്ധർവ്വം പോലെ. കുറച്ചു കാലം കഴിഞ്ഞാണ് സഹ പ്രവർത്തകരേയും ബന്ധുക്കളെയും അറിയിക്കുന്നത്. എമിലി ബോസിന്റെയും മകൾ അനിത ബോസിന്റെയും ചിത്രങ്ങൾ ഈ ഗ്യാലറിയിലുണ്ട്.
എല്ലാ ഗ്യാലറികളും കണ്ട ശേഷം ബോസെന്ന ഇതിഹാസത്തിനു അപൂർണ വിരാമമിട്ടു മാളികയുടെ മര ഗോവണിയിലൂടെ നടന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു നെടുവീർപ്പുണ്ടായിരുന്നു.


നേതാജിയുടെ സഹോദര പുത്രൻ ശിശിർ കുമാർ ബോസ് എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം കുട്ടിക്കാലത്തെന്നോ വായിച്ചപ്പോഴാണ് അന്ന് നാട്ടിൽ ചില നവതി കടന്ന ജനങ്ങൾ ബോസ് തിരിച്ചുവരുമെന്ന് ശക്തമായി വിശ്വസിച്ചിരുന്നതു പ്രായധിക്യം മൂലമുള്ള കേവലം ജല്പനങ്ങൾ അല്ലെന്നു എനിക്ക് ബോധ്യമായതു. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മശതാബ്ദി പിന്നിട്ടിട്ടും ഒരു പുരുഷായുസ്സിന്റെ പരമാവധി കാലത്തോളം തന്നെ അദ്ദേഹത്തിന് ആയുസ്സ് കല്പിച്ചു പിന്നെയും പ്രതീക്ഷ വച്ചു നടന്നിരുന്നവർ.. നേതാജിയുടെ ആത്മ കഥ വായിക്കുമ്പോഴാണ് ആ ഹൃദയ നൈർമ്മല്യവും സത്യസന്ധതയും കൂടുതൽ അറിയുന്നത്. നാടകാചാര്യൻ N N പിള്ള ബോസിന്റെ ജീവിതത്തെ ആസ്പദമാക്കി I N A ക്യാമ്പിൽ കെട്ടിയാടിയ നാടകം കണ്ട് നേതാജിയുടെ കണ്ണുകൾ ഈറനണിഞ്ഞതായി പിള്ള തന്റെ ആത്മകഥയിൽ സ്മരിച്ചിരുന്നു. ഒരു പക്ഷേ ബോസിന്റെ ഗൃഹാതുര സ്മരണകളിൽ ഈ ചുറ്റുപാടുകൾ നിത്യ ഹരിതാഭ പൂണ്ടിരുന്നിരിക്കാം. അതുപോലെ ഈ ഭവനത്തിലും നേതാജിയുടെ സ്മരണകൾ നിത്യ ഹരിതമായി നിലകൊള്ളുന്നു…

എഴുതിയത് : രവിശങ്കർ

Tags: Netaji Subhas Chandra BoseSUBJanakinath BhawanBirth Place Of NetajiCuttack
ShareTweetSendShare

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies