ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്വതന്ത്ര എംഎൽഎ പ്രദീപ് ജയ്സ്വാൾ ബിജെപിയിൽ ചേർന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ മന്ത്രിയായിരുന്നു പ്രദീപ് ജയ്സ്വാൾ.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ബിജെപി അദ്ധ്യക്ഷൻ വി.ഡി.ശർമയുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ്പ്രദീപ് ജയ്സ്വാൾ ബിജെപിയിൽ അംഗത്വമെടുത്തത്. ജയ്‌സ്വാളിനെ കൂടാതെ വാരസോനി മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സരിത ഡാംഗ്രെ, മുൻ പ്രസിഡന്റ് സ്മിത ജയ്സ്വാൾ എന്നിവരും ബിജെപിയിൽ ചേർന്നു.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലാഘട്ട് ജില്ലയിലെ വാരസോനി മണ്ഡലത്തിൽ നിന്നാണ് മുൻ കോൺഗ്രസ് പ്രവർത്തകനായ പ്രദീപ് ജയ്സ്വാൾ സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ കമൽനാഥിനു കീഴിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോഴാണ് പ്രദീപ് മന്ത്രിയായത്. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന് 15 മാസത്തിന് ശേഷം 2020 മാർച്ചിൽ വീണു. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17നും വോട്ടെണ്ണൽ ഡിസംബർ 3നുമാണ് നടക്കുക.















