മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. വൻ താരനിരയെ വെച്ച് അണിയിച്ചൊരുക്കിയ ചിത്രത്തിന് ഇന്നും ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിൽ വലിയൊരു സ്ഥാനമുണ്ട്. സിനിമയിൽ കാവ്യാ മാധവനും രാധികയുമായിരുന്നു നായികമാരായി എത്തിയത്. ക്ലാസ്‌മേറ്റ്‌സിലെ കേന്ദ്രകഥാപാത്രമായിരുന്നു രാധിക അവതരിപ്പിച്ച റസിയ.
റസിയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകൾ സിനിമ റിലീസ് ചെയ്ത കാലം മുതൽ കേൾക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ കാവ്യാ മാധവൻ അവതരിപ്പിച്ച താര കുറുപ്പ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പക്ഷേ കാവ്യയ്‌ക്ക് റസിയയുടെ വേഷം ചെയ്യാനായിരുന്നു ആഗ്രഹം ഉണ്ടായിരുന്നെന്നും ലാൽ ജോസ് പറയുന്നു. ഇക്കാര്യം ലാൽ ജോസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കാവ്യയ്‌ക്ക് ആ വേഷം നൽകാൻ സംവിധായകന് തീരെ താൽപര്യം ഇല്ലായിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ശേഷവും റസിയയുടെ വേഷം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ലാൽ ജോസിന്റെ അടുത്തെത്തി കരഞ്ഞ് പറയുകയും ചെയ്തിരുന്നു. എന്നാൽ റസിയ എന്ന കഥാപാത്രം നൽകില്ലെന്നും താൽപര്യമില്ലെങ്കിൽ സിനിമയിൽ നിന്ന് പിന്മാറാനും പറഞ്ഞിരുന്നു. ഇതുകേട്ട് കാവ്യ നിർത്താതെ കരയുകയായിരുന്നെന്നും ലാൽ ജോസ് പറയുന്നു.
തൊട്ടടുത്ത ദിവസം പിണക്കം കാണിക്കാതെ കാവ്യ അഭിനയിക്കാനെത്തുകയും താര കുറുപ്പ് എന്ന വേഷം മനോഹരമാക്കുകയും ചെയ്തു. എന്നാൽ റിലീസായി കഴിഞ്ഞ് സിനിമ കാണാൻ കാവ്യ കൂട്ടാക്കിയിരുന്നില്ല. നാട്ടുകാരെല്ലാം കണ്ടുകഴിഞ്ഞ് 75 ാം ദിവസമായിരുന്നു കാവ്യ ക്ലാസ്‌മേറ്റ്‌സ് കാണാൻ എത്തിയതെന്നും ലാൽ ജോസ് പറയുന്നു.