മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം ഒക്ടോബർ 21-ന് രാവിലെ ഏഴ് മണിക്കും ഒൻപത് മണിക്കുമിടയിൽ നടത്തുമെന്ന് ഇസ്രോ ഔദ്യോഗികമായി അറിയിച്ചു. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി പേടകം സജ്ജമെന്നും ഐഎസ്ആഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം.
Mission Gaganyaan:
The TV-D1 test flight is scheduled for
🗓️October 21, 2023
🕛between 7 am and 9 am
🚩from SDSC-SHAR, Sriharikota #Gaganyaan pic.twitter.com/7NbMC4YdYD— ISRO (@isro) October 16, 2023
അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിക്കുന്ന ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ തുടർന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. പിന്നീട് മൊഡ്യൂളിനെ നാവികസേന സുരക്ഷിതമായി കരയിലെത്തിക്കും.
ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു.















