റായ്പൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീണ്ടും പ്രീണന രാഷ്‌ട്രീയം തുടരുമെന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷണ ശൃംഖല പോലെ ഡൽഹി വരെ കോൺഗ്രസ് അഴിമതി ശൃംഖല നിർമ്മിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കും അവരെ തലകീഴായി തൂക്കിലേറ്റും. കോൺഗ്രസിന്റെ ഭരണം കൊണ്ട് ഛത്തീസ്ഗഡ് ഒരു പിന്നാക്ക സംസ്ഥാനമായിരിക്കുകയാണ്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പ്രീണന രാഷ്‌ട്രീയവും വോട്ട് ബാങ്കും തുടരുക തന്നെ ചെയ്യും. ഛത്തീസ്ഗഡ് വീണ്ടും വർഗീയ കലാപങ്ങളുടെ കേന്ദ്രമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ…’ അമിത് ഷാ ജനങ്ങളോട് ചോദിച്ചു.
‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഏതെങ്കിലും സർക്കാരിനെയോ എംഎൽഎമാരെയോ തിരഞ്ഞെടുക്കാനല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് ഒരു സുവർണ ഭാവി സൃഷ്ടിക്കാനാണ്. വോട്ടെണ്ണൽ ദിവസമായ ഡിസംബർ മൂന്നിന് ഛത്തീസ്ഗഡിൽ താമര വിരിയുമെന്ന് ഉറപ്പാണ്. അത് ജനങ്ങളുടെ ആവേശത്തിൽ നിന്നും എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. ഭൂപേഷ് ബഗേൽ സർക്കാർ സംസ്ഥാനത്തെ ഡൽഹി ദർബാറിന്റെ എടിഎം ആക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.
മുൻ മുഖ്യമന്ത്രി രമൺ സിംഗിന്റെയും മറ്റ് മൂന്ന് ബിജെപി സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് റാലി നടന്നത്. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.















