ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് നാസയുടെ പ്രതിനിധി സംഘം അത്ഭുതപ്പെട്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ തൊടുന്നതിന് മുൻപായി നാസയുടെ ഒരു പ്രതിനിധി സംഘം ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഇത് തങ്ങൾക്ക് വിൽക്കുമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചുവെന്നും സോമനാഥ് പറഞ്ഞു. ഡോ.എപിജെ അബ്ദുൾ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ നിർമിക്കാനും സാധിച്ച സാങ്കേതിക വിദ്യയെക്കുറിച്ചാണ് സന്ദർശന വേളയിൽ നാസ സംഘം ചർച്ച ചെയ്തത്. ഇന്ത്യ ചന്ദ്രനിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ പറഞ്ഞപ്പോൾ എപ്പോഴാണ് ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുന്നത് എന്നായിരുന്നു മറു ചോദ്യമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഭാരതം വളരെ ശക്തമായ രാഷ്‌ട്രമാണെന്നും രാജ്യത്തിന്റെ ശക്തിയും ബുദ്ധിയും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും എസ്. സോമനാഥ് കുട്ടികളോട് പറഞ്ഞു.
ബഹിരാകാശ രംഗം മാറിയത് എങ്ങനെയെന്ന് വളരം എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നും ഓരോ റോക്കറ്റുകളും എങ്ങനെ നിർമ്മിച്ചുവെന്നും എന്തുകൊണ്ടാണ് അമേരിക്കയ്‌ക്ക് വിൽക്കാത്തതെന്ന് കുഞ്ഞുങ്ങൾക്ക് പോലും അറിയാം. മികച്ച ഉപകരണങ്ങളും റോക്കറ്റുകളും നിർമ്മിക്കാൻ ഇസ്രോ സജ്ജമാണ്. പ്രധാനമന്ത്രി വ്യത്യസ്തമായതും വൈവിധ്യമാർന്നതുമായ പാതയാണ് തുറന്ന് നൽകിയിരിക്കുന്നത്.
ഭാവിയിൽ ഇവിടെ ഇരിക്കുന്ന നിങ്ങളിൽ ചിലർ ആ ജോലി ചെയ്യുമെന്നും സോമനാഥ് പറഞ്ഞു. രാത്രിയിലല്ല, ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണണമെന്ന് കലാം സർ പറഞ്ഞിരുന്നു. ചന്ദ്രയാൻ-10 വിക്ഷേപണ വേളയിൽ നിങ്ങളിൽ ഒരാൾ റോക്കറ്റിനുള്ളിൽ ഇരിക്കും. അത് മിക്കവാറും ഒരു പെൺകുട്ടിയായിരിക്കും. ആ ബഹിരാകാശ സഞ്ചാരി ഇന്ത്യയിൽ നിന്ന് പോയി ചന്ദ്രനിൽ ഇറങ്ങുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കാനും ബഹിരാകാശ സാങ്കേതികവിദ്യയിൽ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കാനും ഐഎസ്ആർഒയ്‌ക്ക് മാത്രം കഴിയുന്ന ഒന്നല്ല എല്ലാവർക്കും ചെയ്യാൻ കഴിയും. ചെന്നൈയിൽ അഗ്നികുൾ എന്ന പേരിൽ ഒരു കമ്പനിയും ഹൈദരാബാദിൽ സ്‌കൈറൂട്ട് എന്ന പേരിൽ മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന അഞ്ച് കമ്പനികളെങ്കിലും ഉണ്ടെന്നും സോമനാഥ് പറഞ്ഞു.















