മാനവികതയിലുള്ള വിശ്വാസത്തെ തകർക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യമെന്നും നിലവിലെ സാഹചര്യത്തിന് അയവ് വരുത്താൻ ഭാരതത്തിന് കഴിയുമെന്ന് ഇസ്രായേലി എഴുത്തുകാരനും ചരിത്രകാരനുമായ യുവാൽ നോഹ ഹരാരി. ഹമാസിനെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് സൗഹാർദപരമായ ബന്ധമാണുള്ളതെന്നും സംഘർഷവും സമ്മർദ്ദവും കുറയ്‌ക്കാനായി ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹമാസും പാലസ്തീൻ ജനതയും തമ്മിൽ വേർതിരിവ് വേണം. പാലസ്തീൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവരുടെ ആശങ്കകൾ ഉന്നയിക്കണമെന്നും ഹരാരി പറഞ്ഞു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയ്കക്ക് ദൃഢബന്ധമാണുള്ളത്. യുദ്ധത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഭാരതത്തിനാകും. ഹമാസ് ബന്ദികളാക്കിയവരെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. ഹമാസ് ബന്ദികളാക്കിയവരെ വിടുന്നതോടെ ഇസ്രായേൽ ജനതയ്‌ക്ക് ആശ്വാസമാകുന്നതിനൊപ്പം ഇപ്പോൾ പാലസ്തീൻ ജനത അനുഭവിക്കുന്ന കഷ്ടകൾക്ക് അറുതിയാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇസ്രായേലി എഴുത്തുകാരന്റെ പരാമർശം.
മതഭ്രാന്താണ് ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അവർ മനുഷ്യന്റെ ജീവന് യാതൊരുവിധ വില കൽപ്പിക്കുന്നില്ല. അവർ അനുഭവിക്കുന്ന കഷ്ടതകളോ ഹമാസ് ശ്രദ്ധിക്കുന്നില്ല. ലോകത്തെ ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലികളായാലും പാലസ്തീനികളായാലും മനുഷ്യരുടെ കഷ്ടതകളെ ഹമാസ് കാര്യമാക്കുന്നില്ല. ഈ യുദ്ധം യാതൊരുവിധ ഗുണങ്ങളും ഹമാസിന് നൽകുന്നില്ല. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ഹമാസ് വിജയിക്കില്ല. ലോകത്തെ അഗ്നികുണ്ഡമാക്കുകയാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ പരലോകത്ത് ശാന്തി ലഭിക്കുമെന്നാണ് ഹമാസിന്റെ വിശ്വാസം. ഇതേ ആശയമാണ് ഇസ്ലാമിക് സ്റ്റേറ്റ് പുലർത്തിയിരുന്നതെന്നും ഇത്തരത്തിലുള്ള മതഭ്രാന്ത് മനുഷ്യരാശിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















