തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഇഡിയുടെ മിന്നൽ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിശോധന നടത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ഏഴ് ഇഡി ഉദ്യോഗസ്ഥർ ടോൾ പ്ലാസയുടെ ഓഫീസിലെത്തി റെയ്ഡ് നടത്തിയത്.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന നടന്നത്. ദേശീയപാതയുടെ സർവീസ് റോഡ് നിർമ്മാണം, പരസ്യ ബോർഡുകൾ തുടങ്ങിയവയിൽ ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നതാണ് പ്ലാസയ്‌ക്കെതിരെയുള്ള പരാതി. ഈ പരാതിയെ തുടർന്ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഓഫീസിലെ മുഴുവൻ രേഖകളും ഇഡി പരിശോധിച്ചു. ടോൾ പിരിവിന്റെ കരാറുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധനയുമായി ബന്ധപ്പെട്ട് ഇഡി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് പ്ലാസയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.















