ടെൽ അവീവ്: ഇസ്രായേൽ യുദ്ധം ചെയ്യുന്നത് പാലസ്തീനിലെ ജനങ്ങളോടല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ടാൽ ഹെൻറിച്ച്. ഇസ്രായേൽ യുദ്ധം ഹമാസ് ഭീകരർക്കെതിരെയാണ്. ഇസ്രായേലി കുടുംബങ്ങളുടെ സഹിഷ്ണുതയെപ്പറ്റിയും ഹമാസ് ഭീകർക്കെതിരെ നടപടി എടുക്കേണ്ടതിന്റെ ആവശ്യകതെപ്പറ്റിയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘വേദനിക്കുന്നവരാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. നമ്മുടെ തല ഉയർത്തിപ്പിടിക്കണമെന്നും ഹമാസ് ഭീകർക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രിയോട് രാജ്യത്തെ ഓരോ കുടുംബവും പറയുന്നത്. ജനങ്ങളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കുന്നതിൽ ഹമാസിനെതിരെയായ തെളിവുകൾ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ സാധാരണക്കാരെ എങ്ങനെ രക്ഷിക്കണമെന്നുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു’.
‘ഇസ്രായേൽ യുദ്ധം ചെയ്യുന്നത് ഹമാസുമായാണ്, പാലസ്തീനിലെ ജനങ്ങളോടല്ല. എന്തുകൊണ്ടാണ് നിരപരാധികളായ പാലസ്തീനികളെ ചൂഷണം ചെയ്യുന്നതെന്നും അവരെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നത് എന്തിനാണെന്നും ഹമാസിനോട് മാദ്ധ്യമങ്ങൾ ചോദിക്കണം. ഗാസയിലെ പാലസ്തീനികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിൽ നിന്ന് ഹമാസ് തടയുന്നു. അവരുടെ സുരക്ഷയ്‌ക്ക് യാതൊരു പരിഗണനയും നൽകാതെ അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് ഹമാസ്’-ടാൽ ഹെൻറിച്ച് പറഞ്ഞു.















