ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും സ്വവർഗ വിവാഹത്തിന് സാധുത നൽകുന്നതിനെ എതിർത്തു. ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് കൗളും മാത്രമാണ് ഹർജികളെ അനുകൂലിച്ചത്. ജ.ഹിമ കോലി, ജ. രവീന്ദ്ര ഭട്ട്, ജ. നരസിംഹ എന്നിവരാണ് ഹർജികളെ എതിർത്തത്.
വിവാഹങ്ങൾ ആചാരങ്ങൾ പ്രകാരമുള്ള വ്യവസ്ഥയാണെന്നും വിവിധ വ്യക്തി നിയമങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും ജ. രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ ട്രാൻസ് വ്യക്തികൾക്കും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാമൂഹിക പരമായ മാറ്റങ്ങൾ എല്ലാവരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യം വിധി പ്രസ്താവം വായിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്‌പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്ന് അറിയിച്ചു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും അതിനാൽ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങളെ ജസ്റ്റിസ് കൗളും അംഗീകരിച്ചു.