ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായതിന്റെ പശ്ചാത്തലത്തിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു വെബ് പോർട്ടലും കോഴ്‌സും ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. പ്രത്യേക കോഴ്‌സിനോടൊപ്പം ‘അപ്‌നാ ചന്ദ്രയാൻ’ എന്ന പോർട്ടലാണ് മന്ത്രാലയം വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിയുക്ത പോർട്ടലും പ്രത്യേക മൊഡ്യൂളുകളും ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രത്യേക മൊഡ്യൂളുകൾ പരിചയപ്പെടുത്താനും പോർട്ടൽ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാന്ദ്ര ദൗത്യത്തിന്റെ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവുമായ വശങ്ങൾ ഉൾപ്പെടുത്തി 10 മൊഡ്യൂളുകൾ അടങ്ങുന്ന പ്രത്യേക കോഴ്‌സാണ് വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്നത്. ഇത് ചന്ദ്രയാൻ-3നെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സമഗ്ര അവലോകനം ലഭിക്കുന്നതിന് സഹായകമാവും. എൻസിഇആർടിയാണ് മൊഡ്യൂളുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇസ്രോ ചെയർമാൻ എസ്. സോമനാഥ് ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയാകും.