ഡെറാഡൂൺ: ശൈത്യ കാലത്തെ വരവേറ്റ് ഉത്തരാഖണ്ഡിലെ പർവ്വതനിരകൾ. കാലാ പാനി പർവ്വതനിരകളും ഓം പർവ്വതനിരകളും മഞ്ഞ് മൂടിയ നിലയിലാണ്. ഈ സീസണിലെ ആദ്യ മഞ്ഞ് വീഴ്ചയാണ് ഉത്തരാഖണ്ഡിലെ പിത്തോരാഖണ്ഡ് ജില്ലയിൽ ലഭിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞ് വീഴ്‌ച്ചയ്‌ക്കും നേരിയ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തര കാശി, ചമോലി, ഭുവനേശ്വർ, പിത്തോരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞ് വീഴ്‌ച്ചയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
അതേസമയം ഗംഗോത്രി ധാമിന്റെ ക്ഷേത്ര വാതിലുകൾ നവംബർ 14-ന് അടയ്‌ക്കുമെന്ന് ബദരിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഗോവർദ്ധൻ പൂജയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കാണ് ക്ഷേത്രവാതിലുകൾ അടച്ചിടുന്നത്. ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്‌ക്കുന്ന തീയതി വിജയ ദശമി ദിനത്തിൽ തീരുമാനിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ച് ബദ്രി എന്നറിയപ്പെടുന്ന അഞ്ച് ക്ഷേത്രങ്ങളിലൊന്നാണ് ബദരീനാഥ് ക്ഷേത്രം.















