ന്യൂഡൽഹി: ഗഗൻയാൻ ദൗത്യങ്ങൾക്ക് തയ്യാറെടുത്ത് ഇസ്രോ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 2025-ൽ ആദ്യ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്നും 2035-ഓടെ സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2040-ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
അടുത്ത പതിറ്റാണ്ടിൽ ചെയ്യേണ്ട ദൗത്യങ്ങളെ കുറിച്ചുള്ള പദ്ധതികൾ ഇപ്പോൾ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളുമായി മുന്നോട്ട് പോകാൻ പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുവരെ ഒരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണ് ചന്ദ്രയാൻ-3 ദക്ഷിണധ്രുവത്തിലിറങ്ങിയതിന് പിന്നാലെ ഇന്ത്യ സ്വന്തമാക്കിയത്. ബഹിരാകാശ രംഗത്ത് പതിറ്റാണ്ടുകൾ നീണ്ട ചരിത്രവും പാരമ്പര്യവും ഉണ്ടായിരുന്ന റഷ്യ പോലും പരാജയപ്പെട്ട സ്ഥാനത്താണ് ഭാരതത്തിന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമാക്കാൻ കഴിഞ്ഞത്. ചന്ദ്രനിൽ സ്പർശിക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവുമായി ഇന്ത്യ മാറിയതോടെ ബഹിരാകാശ മേഖലയിലെ വൻ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്.
ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം ഒക്ടോബർ 21-ന് രാവിലെ ഏഴ് മണിക്കും ഒൻപത് മണിക്കുമിടയിൽ നടത്തുമെന്ന് ഇസ്രോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി പേടകം സജ്ജമെന്നും ഐഎസ്ആഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം.
അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1.















