ന്യൂ ഡൽഹി: ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും തുല്യ യോഗ്യതയുള്ളവരും തുല്യമായി സമ്പാദിക്കുന്നവരുമായ സാഹചര്യത്തിൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഭാര്യക്ക് ഇടക്കാല ജീവനാംശം വർധിപ്പിച്ച് അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.
ഉയർന്ന യോഗ്യതയും ജോലിയുമുള്ള കക്ഷികൾ 2014 ൽ വിവാഹിതരാവുകയും 2016 ൽ വിവാഹത്തിൽ നിന്ന് മകൻ ജനിക്കുകയും ചെയ്തു. എന്നാൽ 2020 ൽ അവർ വേർപിരിഞ്ഞു. തുടർന്ന് കുടുംബ കോടതി കുട്ടിയുടെ പരിപാലനത്തിനായി ഭർത്താവ് പ്രതിമാസം 40,000 രൂപ നൽകണമെന്ന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെതിരെ രണ്ടു പേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് ജീവനാംശ തുകയിൽ കുറവ് വരുത്താൻ ആവശ്യപ്പെട്ടപ്പോൾ, ഭാര്യ തനിക്ക് രണ്ട് ലക്ഷം രൂപ ജീവനാംശവും പ്രതിമാസം കുട്ടിക്ക് ചെലവിനായി കുടുംബകോടതി വിധിച്ച 40,000 രൂപയിൽ നിന്ന് 60,000 രൂപയാക്കി വര്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഭാര്യയും ഭർത്താവും ഉയർന്ന യോഗ്യതയുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ പ്രതിമാസ ശമ്പളം ₹ 2.5 ലക്ഷം ആയിരുന്നു, ഭർത്താവിന്റെ പ്രതിമാസം 7,134 ഡോളറായിരുന്നു വരുമാനം, അത് ഇന്ത്യൻ രൂപയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, ഭാര്യയുടെ വരുമാനത്തിന് തുല്യമായ തുകയാണെന്നും കോടതി പറഞ്ഞു.“ഭർത്താവ് സമ്പാദിക്കുന്നത് ഡോളറിലാണെങ്കിലും, അയാളുടെ ചെലവും ഡോളറിലാണെന്നത് കാണാതിരുന്നുകൂടാ.” എന്നും കോടതി നിരീക്ഷിച്ചു. ഭാര്യയും ഭർത്താവും ഉയർന്ന യോഗ്യതയുള്ളവരാണെന്നും അവർക്ക് പ്രതിമാസം ഏതാണ്ട് തുല്യമായ ശമ്പളം ലഭിക്കുന്നവരാണെന്നും കോടതി കണ്ടത്തി.
തൽഫലമായി, ഭാര്യയുടെയും ഭർത്താവിന്റെയും വരുമാനത്തിലെ തുല്യത കണക്കിലെടുത്ത്, കുട്ടിയെ പരിപാലിക്കുന്നതിനുള്ള “സംയുക്ത ഉത്തരവാദിത്തം” കോടതി തിരിച്ചറിഞ്ഞു. തുടർന്ന് കുട്ടിക്ക് ഭർത്താവ് നൽകേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 40,000 രൂപയിൽ നിന്ന് 25,000 രൂപയായി കുറയ്‌ക്കാൻ കോടതി തീരുമാനിച്ചു.















