തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാന സിവിൽ സർവീസ് അടുത്തിടെ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ നൽകി ഉത്തരവിറങ്ങി.
കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നും മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി മാറ്റി നിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധിക ചുമതല കൂടി നൽകി.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അർജ്ജുൻ പാണ്ഡ്യന് ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ ചുമതല കൂടി നൽകി. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശിന് കേരള സാമൂഹിക സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല കൂടി നൽകി.
അതേസമയം കഴിഞ്ഞ ദിവസമാണ് 21 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ആറ് ജില്ലകളിലെ കളക്ടർമാരെ മാറ്റിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയത്.















