ന്യൂഡൽഹി: മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആലിയ ഭട്ട്. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് താരം പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആലിയ പുരസ്‌കാരത്തിന് അർഹയായത്. ഭർത്താവും നടനുമായ രൺബീർ കപൂറിനൊപ്പം ചടങ്ങിനെത്തിയ ആലിയ വിവാഹ വസ്ത്രമായിരുന്നു അണിഞ്ഞിരുന്നത്.
ഓഫ് വൈറ്റിൽ ഗോൾഡൻ എംബ്രോയ്ഡറി വർക്ക് ചെയ്ത സാരിയും ബ്ലൗസുമാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നത്. തന്റെ വിവാഹസാരി തന്നെ വീണ്ടും അണിഞ്ഞുവന്നത് ചടങ്ങിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. വിവാഹവസ്ത്രം ഒരിക്കൽ കൂടി ധരിക്കാൻ ആലിയ തിരഞ്ഞെടുത്ത അവസരം ഏറ്റവും മികച്ചതാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.