ചന്ദ്രനിൽ റോഡുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്ന് ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാര യോഗ്യവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ചന്ദ്രനിലൂടെയുള്ള സഞ്ചാരം വെല്ലുവിളികൾ നിറഞ്ഞത് ആയതിനാലാണ് ഇത്തരമൊരു നീക്കത്തിന് ബഹിരാകാശ ഏജൻസി ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ഉപരിതലത്തിലെ പൊടി പ്രതിസന്ധികൾക്ക് കാരണമാകാറുണ്ട്. ഉപകരണങ്ങളിൽ പൊടിപടലങ്ങൾ കയറി അടഞ്ഞ് പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. അപ്പോളോ 17 ലൂണാർ റോവറിന്റെ പിൻഭാഗത്തെ ഫെൻഡർ നഷ്ടപ്പെട്ട സാഹചര്യത്തിൽ വാഹനം പൊടിയിൽ പൊതിയുകയും ചൂടാകുകയും ചെയ്തിരുന്നു.
ജർമ്മനിയിലെ BAM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് റിസർച്ച് ആൻഡ് ടെസ്റ്റിംഗ്, Aalen യൂണിവേഴ്‌സിറ്റി, ഓസ്ട്രിയയിലെ LIQUIFER സിസ്റ്റംസ് ഗ്രൂപ്പ്, ജർമ്മനിയിലെ Clausthal യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തിലാണ് PAVER ദൗത്യം ഒരുങ്ങുന്നത്. ജർമ്മൻ എയറോസ്‌പേസ് സെന്റർ, DLR ന്റെ സ്‌പേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് ഫിസിക്‌സിന്റെ പൂർണ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.















