പ്യോങ്‍യാങ്: ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോങ് ഉന്നിന്റെ ഓരോ പ്രവൃത്തികളും മനുഷ്യത്വരഹിതമാണ്. അത്തരത്തിലൊരു നടപടിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തന്റെ ജനറലിനെ പിരാന മത്സ്യങ്ങളെ നിറച്ച ടാങ്കില്‍ എറിഞ്ഞ് കിം ജോങ് ഉന്‍ കൊന്നതായാണ് യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിമ്മിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതിനാലാണ് ക്രൂരമായ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്പ് ഉത്തര കൊറിയൻ ജനറലിന്റെ കൈകളും ശരീരവും കത്തി ഉപയോഗിച്ച് മുറിച്ചിരുന്നതായും വാർത്തയിൽ പറയുന്നുണ്ട്. ജനറലിന്റെ മരണ കാരണം കൊലയാളി മീനുകളായ പിരാനകൾ മൂലമോ മുറിവിൽ നിന്നോ മുങ്ങി മരിച്ചതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിയോങ്‌സോങ്ങിലെ കിമ്മിന്റെ വസതിയിലാണ് ഈ ഭീമന്‍ മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. പിരാനകളെ ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്തതാകാനാണ് സാധ്യത.1977-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ദ സ്‌പൈ ഹു ലവ്ഡ് മി’യില്‍ നിന്നും പ്രചോദനം ഉൾകൊണ്ടാണ് കിം കൊലപാതകങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ 16 ജനറൽമാരെയെങ്കിലും കിം വധിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
നേരത്തെ കിമ്മിന്റെ സൈനിക മേധാവിയും ഉത്തരകൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് സിഇഒയും സമാനമായ രീതിയില്‍ വധിക്കപ്പെട്ടിരുന്നു. തന്റെ ശത്രുക്കളെയെല്ലാം കിം പലപ്പോഴും പരസ്യമായി വധിച്ചിട്ടുണ്ട്. കിമ്മിന്റെ ഭരണത്തിൽ ഉത്തര കൊറിയയിലെ വിശ്വസ്തരായ സഖ്യകക്ഷികൾ പോലും ഭയത്തോടെയാണ് ജീവിക്കുന്നത്.















