ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിനോടനുബന്ധിച്ച് ലോഞ്ച് പാഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ. ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ടെസ്റ്റ് വെഹിക്കിൾ സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് മാറ്റിയത്.
ഒക്ടോബർ 21-ന് രാവിലെ എട്ട് മണിക്കാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ ലോഞ്ച് പാഡിൽ നിന്നാകും വിക്ഷേപണം നടക്കുക.ദൗത്യത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റായ ടെസ്റ്റ് വെഹിക്കിൾ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും വഹിക്കും. ഏകദേശം 17 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷമാകും ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിൽ നിന്നും വേർപ്പെടുത്തുക.
ശ്രീഹരിക്കോട്ടയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെയുള്ള കടലിലാകും ഇറക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ബഹിരാകാശ സഞ്ചാരികളുടെ ആദ്യ യാത്ര 2025-ൽ നടക്കുമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു.















