പട്ടാമ്പി: ഷൊർണൂർ-പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച വ്ലോഗർ സുജിത്ത് ഭക്തനെതിരെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. നാഷണൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ യാദൃശ്ചികമായി പട്ടാമ്പി കുളപ്പുള്ളി റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ സുജിത്ത് ഭക്തൻ വീഡിയോ എടുത്ത് പങ്കുവെച്ചത്. പട്ടാമ്പി-പെരുന്തൽമണ്ണ ഭാഗത്തെ ജനങ്ങളോട് സഹതാപം തോന്നുവെന്നും റോഡ് നന്നാക്കാൻ ജനങ്ങൾ ആവശ്യപ്പെടണമെന്നും പറഞ്ഞതിന് പിന്നാലെയാണ് സുജിത്ത് ഭക്തനെതിരെ ആരോപണവുമായി മുഹമ്മദ് മുഹസിൻ രംഗത്തെത്തിയിരിക്കുന്നത്.
പണം കൈപ്പറ്റിയാണ് വ്ലോഗർ സുജിത് ഭക്തൻ പട്ടാമ്പി കുളപ്പുള്ളി റോഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതെന്നാണ് എംഎൽഎ മുഹമ്മദ് മുഹസിന്റെ ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെ പരാജയവും കേരളത്തിലെ റോഡുകളുടെ അവസ്ഥയും വെളിച്ചത്തു കൊണ്ടു വന്നതോടെ ഇടത് സൈബർ ഇടങ്ങളും വ്ലോഗറിനെതിരെ രംഗത്തു വന്നു. വർക്ക് നടക്കുന്ന ഭാഗം ഒഴിവാക്കിയും ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ ചെയ്തെന്നാണ് എംഎൽഎയുടെ ആരോപണം.
അതേസമയം, സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ആരോപണങ്ങൾ അഴിച്ചു വിടുന്നത് ശരിയായ കാര്യമല്ലെന്നും തെറ്റുകൾ സമ്മതിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നും എംഎൽഎയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളും പ്രതികരിച്ചു. സുജിത്ത് ഭക്തന് തങ്ങളുടെ പൂർണ പിന്തുണയുണ്ട്. കേരളത്തിലെ നാഷണൽ ഹൈവേയെപ്പറ്റി വീഡിയോ ചെയ്തപ്പോൾ പിണറായി വിജയന്റെ ക്രെഡിറ്റാണിതെന്ന് വരുത്തി തീർക്കാൻ സുജിത്ത് ഭക്തന്റെ വീഡിയോ പങ്കുവെച്ച സൈബർ സഖാക്കൾ തന്നെയാണ് പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചതിന് വ്ലോഗറെ അവഹേളിക്കുന്നതെന്നും ജനങ്ങൾ പറയുന്നു.















