കണ്ണൂർ: യുദ്ധമുഖത്ത് ഇസ്രായേൽ സേന ധരിക്കുന്ന യൂണിഫോം തുന്നുന്നത് കണ്ണൂരിൽ നിന്നും. ഫിലിപ്പിയൻ ആർമി, ഖത്തർ എയർഫോഴ്സ് തുടങ്ങി വിവിധ സേനകൾക്കും കണ്ണൂരിൽ നിന്നാണ് യൂണിഫോം തയ്യാറാക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിലെ മര്യൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലാണ് യുദ്ധമുഖത്തിലേക്കുള്ള യൂണിഫോമുകൾ തയ്യാറാക്കുന്നത്.
വിവിധ രാജ്യങ്ങളുടെ സൈന്യത്തിന് ആവശ്യമായ പ്രത്യേകതരം കറുത്ത യൂണിഫോമും ജയിൽ വാർഡർമാരുടെ യൂണിഫോമുകളും തുന്നുന്നത് ഇവിടെ നിന്ന് തന്നെയാണ്. ഇവിടെ ജോലി ചെയ്യുന്ന 1,500 ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. സമീപ പ്രദേശത്തുള്ള സ്ത്രീകൾക്ക് ആവശ്യമായ പരിശീലനം നൽകിയാണ് യൂണിഫോം തുന്നുന്നതിന് പ്രാപ്തരാക്കുന്നതെന്ന് സ്ഥാപന ഉടമ പറഞ്ഞു. 1,000 തൊഴിലാളികളെ കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിലാണെന്നും ഇതിനായി കെട്ടിടം വിപുലീകരിക്കുന്നതിനുള്ള സഹായങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.