പാലക്കാട്: കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിന്റേതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി നേരിട്ടത്. സിഡിഎസ് ചെയർപേഴ്‌സണും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ പ്രസന്നയാണ് വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്.
സ്‌കൂളിലെത്തിയില്ലെങ്കിൽ ലോണിനും മറ്റ് ആനുകൂല്യങ്ങൾക്കും വരുമ്പോൾ പരിഗണിക്കില്ലെന്നും ക്ലാസിൽ വരാത്തവരെ നോട്ട് ചെയ്ത് വെയ്‌ക്കുമെന്നും ബാങ്കിൽ ലോണിന് വരുമ്പോൾ ഒപ്പിട്ട് തരില്ലെന്നും സിഡിഎസ് ഭീഷണിപ്പെടുത്തി. എന്നാൽ കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ്പിൽ സാധാരണ മട്ടിൽ അയച്ച സന്ദേശം മാത്രമാണെന്നും ഒരാളെയും ഭീഷണിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിഡിഎസ് ചെയർപേഴ്സന്റെ വിശദീകരണം.
സംഭവത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ ഭീഷണിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി സിപിഎമ്മിന്റെ പാർട്ടി പരിപാടികളിൽ ഉൾപെടെ പങ്കെടുപ്പിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ മാസം ഒന്ന് മുതൽ ഡിസംബർ 10 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
‘തിരികെ സ്‌കൂളിൽ’ പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്‌കൂളുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സിഡിഎസിന് കീഴിലുമുള്ള വിദ്യാലയങ്ങളിലാകും കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കുക. അവധി ദിനത്തിലാണ് ക്ലാസുകൾ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം.















